മഴക്കെടുതി; സംസ്ഥാനത്ത് ആറുദിവസത്തിനുള്ളില്‍ സംഭവിച്ചത് 35 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ആറ് ദിവസത്തിനുള്ളില്‍ മഴക്കെടുതിയില്‍ 35 പേര്‍ മരിച്ചെന്ന് സര്‍ക്കാര്‍ കണക്കുകള്‍. കോട്ടയത്ത് 13 പേരും ഇടുക്കിയില്‍ ഒന്‍പതും മലപ്പുറത്ത് മൂന്ന് പേരും ആലപ്പുഴയിലും കണ്ണൂരും രണ്ടുപേര്‍ വീതവും കൊല്ലം, പത്തനംതിട്ട, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഓരോരുത്തരുമാണ് മരിച്ചത്.

ശക്തമായ മഴയും വെള്ളക്കെട്ടും തുടരുന്നതിനിടെ കല്ലാറില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ചു. തിരുവനന്തപുരം ചിറയ്ക്കല്‍ സ്വദേശി അഭിലാഷ് (23) ആണ് മരിച്ചത്. വൈകീട്ട് 5.30 ഓടെയാണ് സംഭവം. അഭിലാഷിനൊപ്പം ഒഴുക്കില്‍പ്പെട്ടയാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഇവര്‍ കുടുംബസമേതം പൊന്മുടിയിലേക്ക് വന്നതാണെന്നാണ് വിവരം. വിലക്കിനെ തുടര്‍ന്ന് പൊന്മുടിയിലേക്ക് കയറ്റിവിട്ടിരുന്നില്ല. പിന്നീട് തിരിച്ചുവന്ന് ചെക്ക്ഡാമില്‍ കുളിക്കാന്‍ ഇറങ്ങിയെന്നാണ് നാട്ടുകാര്‍ പറയുന്നത്.

അറബിക്കടലിലെ ന്യൂനമര്‍ദ്ദം ദുര്‍ബലമായതോടെ സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞിരിക്കുകയാണ്. എന്നാല്‍ തുലാവര്‍ഷത്തിന് മുന്നോടിയായിയുള്ള കിഴക്കന്‍ കാറ്റിന്റെ സ്വാധീനത്തില്‍ സംസ്ഥാനത്ത് ബുധനാഴ്ചയോടെ മഴ കനക്കും. ബുധനാഴ്ച തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. പാലക്കാട്, തൃശ്ശൂര്‍, കോട്ടയം, പത്തനംതിട്ട മേഖലകളില്‍ ഇപ്പോഴും മഴമേഘങ്ങളുണ്ട്. ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളില്‍ ഇനിയും മഴ തുടര്‍ന്നാല്‍ സ്ഥിതി വഷളാകും.

Top