ആര് സംരക്ഷിക്കും! റിമാന്‍ഡിലായ KSU പ്രവര്‍ത്തകരെ ജാമ്യത്തില്‍ ഇറക്കാന്‍ ആളില്ല, ഒടുവില്‍ ഇറക്കി

തിരുവനന്തപുരം: നവ കേരള സദസിന് സ്‌കൂള്‍ ബസ് അനുവദിച്ചതിനെതിരെ സമരം ചെയ്ത് റിമാന്‍ഡിലായ KSU പ്രവര്‍ത്തകരെ ജാമ്യത്തില്‍ ഇറക്കാന്‍ ആളില്ല. ബുധനാഴ്ച പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചെങ്കിലും ജാമ്യത്തില്‍ ഇറക്കാന്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ഉള്‍പ്പെടെ ആരും എത്തിയില്ല.

ജാമ്യവുമായി ബന്ധപ്പെട്ട് KSU നേതൃത്വം പലതവണ ഡിസിസി അധ്യക്ഷനെ ഉള്‍പ്പെടെ കണ്ടിരുന്നു. ഒടുവില്‍ പരാതികള്‍ കടുത്തതോടെ ഇന്നലെ രാത്രിയില്‍ ആണ് ജാമ്യക്കാരെ എത്തിച്ച് ഇവരെ പുറത്തിറക്കിയത്. പാര്‍ട്ടിക്കുവേണ്ടി സമരം ചെയ്തു ജയിലില്‍ ആയവരോടാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തന്നെ ഈ അവഗണന.

KSU സംസ്ഥാന ജനറല്‍ സെക്രട്ടറിയും എ ഗ്രൂപ്പ് നേതാവുമായ അദ്ദേശ് സുധര്‍മ്മന്‍, തിരുവനന്തപുരം ജില്ലയുടെ ചുമതലയുള്ള കെ സുധാകരന്‍ വിഭാഗക്കാരായ ഫര്‍ഹാന്‍ മുണ്ടേരി, അനീഷ്, രമേശ് ചെന്നിത്തല വിഭാഗക്കാരനായ സംസ്ഥാന വൈസ് പ്രസിഡന്റ് യദു കൃഷ്ണന്‍ എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.

നവ കേരള സദസിന് സ്‌കൂള്‍ ബസുകള്‍ അനുവദിക്കാന്‍ ഉത്തരവിട്ട പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കെതിരെ ആയിരുന്നു കഴിഞ്ഞ പതിനെട്ടാം തീയതി KSU സമരം നടത്തിയത്. സമരത്തിനിടെ ഓഫീസിലെ ജീവനക്കാരുമായി ഉന്തും തള്ളും ഉണ്ടായി. തുടര്‍ന്ന് പരാതികളുടെ അടിസ്ഥാനത്തില്‍ KSU പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.

Top