ഹാദിയയ്ക്കുമേല്‍ മനുഷ്യാവകാശ ലംഘനം നടന്നിട്ടില്ലെന്ന് പൊലീസ്

Hadiya case-the state government changed the lawyer

കോട്ടയം : ഹാദിയയ്ക്കുമേല്‍ മനുഷ്യാവകാശ ലംഘനം നടന്നിട്ടില്ലെന്ന് പൊലീസ് മനുഷ്യാവകാശ കമ്മീഷനില്‍.

കമ്മീഷന്റെ ഉത്തരവ് പിന്‍വലിക്കാനും കോട്ടയം എസ് പി ആവശ്യപ്പെട്ടിട്ടുണ്ട്.

സുപ്രീംകോടതിയിലുള്ള കേസായതിനാല്‍ മൊഴിയെടുക്കാന്‍ കഴിയില്ലെന്ന നിയമോപദേശമാണ് തങ്ങള്‍ക്ക് കിട്ടിയതെന്നും അതിനാല്‍ മൊഴിയെടുക്കണമെന്ന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് പിന്‍വലിക്കണമെന്നുമാണ് പൊലീസ് ആവശ്യപ്പെട്ടത്.

ഹാദിയയെ വീട്ടുതടങ്കലില്‍ ആക്കിയെന്ന് ചൂണ്ടികാട്ടി യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ നല്‍കിയ പരാതിയിലാണ് കമ്മീഷന്‍ സിറ്റിങ് നടത്തിയത്.

ഹൈക്കോടതിയിലെ അഡ്വക്കേറ്റ് ജനറല്‍ ഓഫീസിലെ സീനിയര്‍ ഗവ. പ്ലീഡര്‍ നല്‍കിയ നിയമോപദേശമനുസരിച്ച് ഹാദിയയില്‍ നിന്ന് നേരിട്ട് മൊഴിയെടുക്കുന്നതിന് നിയമതടസമുണ്ടെന്നാണ് കോട്ടയം എസ്പി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

പൊലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ ഹാദിയയുടെ പിതാവ് അശോകന്റെ മൊഴി മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. അതേസമയം, മനുഷ്യാവകാശ കമ്മീഷന്‍ നേരിട്ട് ഹാദിയയെ സന്ദര്‍ശിച്ച് മൊഴി എടുക്കണമെന്ന് പരാതിക്കാരന് വേണ്ടി ഹാജരായ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഹാദിയയില്‍ നിന്ന് നേരിട്ട് മൊഴി എടുക്കുന്നതില്‍ പൊലീസ് റിപ്പോര്‍ട്ടും നിയമോപദേശവും വിശദമായി പഠിച്ചശേഷം അന്തിമമായി തീരുമാനമെടുക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു.

Top