ഉമ്മന്‍ചാണ്ടിയെ വെട്ടി മുഖ്യമന്ത്രി ആകാന്‍ ഗൂഢാലോചന നടത്തിയിട്ടില്ല; തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കൊച്ചി: ഉമ്മന്‍ചാണ്ടിയെ വെട്ടി മുഖ്യമന്ത്രി ആകാന്‍ ഗൂഢാലോചന നടത്തിയിട്ടില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനാണ് താന്‍ പരിശ്രമിച്ചതെന്നും സോളാര്‍ കേസില്‍ ടെനി ജോപ്പന്റെ അറസ്റ്റ് തന്റെ അറിവോടെയല്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സോളാര്‍ കേസ് വഴിതിരിച്ച് വിട്ടത് ജഡ്ജി ശിവരാജന്‍ കമ്മീഷനാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി. കേസ് ലൈംഗിക ആക്ഷേപത്തിലേക്ക് വഴിതിരിച്ചു. അന്വേഷണ പരിധിവിട്ടായിരുന്നു കമ്മീഷന്റെ പ്രവര്‍ത്തനമെന്നും തിരുവഞ്ചൂര്‍ വിമര്‍ശിച്ചു.

സോളാര്‍ കേസില്‍ ടെനി ജോപ്പന്റെ അറസ്റ്റില്‍ തീരുമാനമെടുത്തത് അന്വേഷണ സംഘമാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മുഖ്യമന്ത്രിയോ താനോ ഇക്കാര്യം അറഞ്ഞില്ല. അറസ്റ്റിന് ശേഷം ജോപ്പനെതിരായ തെളിവുകള്‍ പൊലീസ് ധരിപ്പിച്ചുവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തിനായി ഗൂഢാലോചന നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനാണ് താന്‍ പരിശ്രമിച്ചതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

സിബിഐ റിപ്പോര്‍ട്ടില്‍ അന്വേഷണം വേണമോ എന്ന് തീരുമാനിക്കേണ്ടത് സിബിഐ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, രമേശ് ചെന്നിത്തലയുടെയും കെ മുരളീധരന്റെയും വിമര്‍ശനം തിരുവഞ്ചൂര്‍ തള്ളി. നേതാക്കള്‍ പരാതി പറയേണ്ടത് ഫോറത്തിലാണ്. ഒരുപാട് പദവി കിട്ടിയ ആളാണ് അവരെല്ലാം. എന്നാല്‍ ഒന്നും കിട്ടാത്ത ആയിരങ്ങള്‍ പാര്‍ട്ടിയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top