‘ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്തതില്‍ പിശക് പറ്റി’: ബീന ഫിലിപ്പ്

തിരുവനന്തപുരം: ബാലഗോകുലം പരിപാടിയിൽ പങ്കെടുത്തതിൽ പിശക് പറ്റിയെന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്പ്. പാർട്ടിക്ക് വിശദീകരണം നൽകിയെന്നും പാർട്ടിക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടെന്നും ബീന ഫിലിപ്പ് പറഞ്ഞു. പാർട്ടി നേതൃത്വം വിളിച്ചു വരുത്തിയതല്ലെന്നും ഔദ്യോഗിക പരിപാടിക്ക് വേണ്ടിയാണ് താൻ തിരുവനന്തപുരത്ത് വന്നതെന്നും കോഴിക്കോട് മേയർ പറഞ്ഞു.

വിഷയത്തിൽ ബീന ഫിലിപ്പിനെ സിപിഎം സംസ്ഥാന നേതൃത്വം തിരുവനന്തപുരത്ത് വിളിച്ചുവരുത്തി വിശദീകരണം തേടുകയായിരുന്നു. ബീന ഫിലിപ്പിന് എതിരെ ഉചിതമായ നടപടി സ്വീകരിക്കാൻ നേരത്തെ സംസ്ഥാന സെക്രട്ടറിയേറ്റ് ജില്ലാ നേതൃത്വത്തിന് നിർദേശം നൽകിയിരുന്നു.

കോഴിക്കോട് നടന്ന ബാലഗോകുലം മാതൃസമ്മേളനത്തിലാണ് ബീന ഫിലിപ്പ് പങ്കെടുത്തത്. മാതൃസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള മേയറുടെ പ്രസംഗത്തിലെ പരാമർശവും വിവാദമായിരുന്നു.

കേരളത്തിലെ ശിശു പരിപാലനം മോശമാണെന്നും ഉത്തരേന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്‌നേഹിക്കുന്നവരെന്നും മേയർ പറഞ്ഞു. ‘പ്രസവിക്കുമ്പോൾ കുട്ടികൾ മരിക്കുന്നില്ലെന്നത് മാത്രമല്ല പ്രധാനം. ചെറുപ്പം മുതൽ അവരെ സ്‌നേഹിക്കണം. ബാല്യകാലത്ത് കുട്ടികൾക്ക് എന്തു കൊടുക്കുന്നു എന്നതാണ് പ്രധാനം’. മേയർ അഭിപ്രായപ്പെട്ടു.

ശ്രീകൃഷ്ണ പ്രതിമയിൽ തുളസി മാല ചാർത്തിയാണ് മേയർ വേദിയിലെത്തിയത്. ‘ശ്രീകൃഷ്ണ രൂപം മനസിലുണ്ടാകണം. പുരാണ കഥാപാത്രങ്ങളെ മനസിലേക്ക് ഉൾക്കൊള്ളണം. ബാലഗോകുലത്തിന്റെതായ മനസിലേക്ക് അമ്മമാർ എത്തണം. ഉണ്ണിക്കണ്ണനോട് ഭക്തി ഉണ്ടായാൽ ഒരിക്കലും കുട്ടികളോട് ദേഷ്യപ്പെടില്ല. എല്ലാ കുട്ടികളെയും ഉണ്ണിക്കണ്ണനായി കാണാൻ കഴിയണം. അപ്പോൾ കുട്ടികളിലും ഭക്തിയും സ്‌നേഹവും ഉണ്ടാകും’. മേയർ പറഞ്ഞു.

ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്ക് മുന്നോടിയായാണ് ബാലഗോകുലം മാതൃസംഗമങ്ങൾ സംഘടിപ്പിക്കുന്നത്. ആർഎസ്എസ് ശോഭായാത്രകൾ സംഘടിപ്പിക്കുന്നതിന് ബദലായി സിപിഎം ഘോഷയാത്രകൾ വരെ നടത്തി പ്രതിരോധം തീർക്കുമ്പോഴാണ് സിപിഎം മേയർ സംഘപരിവാർ ചടങ്ങിൽ ഉദ്ഘാടകയായത്.

Top