തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞ സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണം;ബിന്ദു മില്‍ട്ടന്‍

കല്‍പ്പറ്റ: തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞ സംഭവത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പരാതി. എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകമായ ബിന്ദു മില്‍ട്ടനാണ് പരാതി നല്‍കിയത്. മിഷന്‍ തണ്ണീര്‍ കൊമ്പന്‍ ദൗത്യത്തില്‍ വനംവകുപ്പിനും പൊലീസിനും വീഴ്ച പറ്റി. പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേരള വനവകുപ്പിന്റെ ദൗത്യങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നു. ദൗത്യവുമായി ബന്ധപ്പെട്ട് കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ പാലിച്ചിട്ടില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഇതിനിടെ തണ്ണീര്‍ കൊമ്പന്റെ മരണകാരണം സംബന്ധിച്ച് കര്‍ണ്ണാടക-കേരള ഫോറസ്റ്റ് വിഭാഗങ്ങള്‍ വ്യത്യസ്ത നിഗമനങ്ങളാണ് പങ്കുവയ്ക്കുന്നത്. ആനയുടെ പിന്‍ഭാഗത്തെ മുഴയില്‍ നിന്നുണ്ടായ അണുബാധ ആന്തരിക അവയവങ്ങളെയും ശ്വാസകോശത്തെയും ബാധിച്ചതിനെ തുടര്‍ന്നുണ്ടായ ഹൃദയാഘാതം ആണ് മരണകാരണം എന്നാണ് കേരള വനം വകുപ്പിന്റെ വിശദീകരണം. എന്നാല്‍ മയക്കു വെടി വെച്ചതിനുശേഷം പടക്കം പൊട്ടിച്ചതും ആളുകള്‍ ശബ്ദം ഉണ്ടാക്കിയതുമെല്ലാം ആനയെ പരിഭ്രാന്തനാക്കി ഇതിനെ തുടര്‍ന്നുണ്ടായ ഹൃദയാഘാതം മൂലം ആന ചരിഞ്ഞെന്നാണ് കര്‍ണാടക വനം വകുപ്പിന്റെ നിലപാട്.

നേരത്തെ തണ്ണീര്‍ കൊമ്പന്റെ മരണകാരണം അന്വേഷിക്കാന്‍ വനം വകുപ്പ്മന്ത്രി എ കെ ശശീന്ദ്രന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ഒരു മാസത്തിനുള്ളില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിനിടെ തണ്ണീര്‍ക്കൊമ്പന്റെ ശരീരത്തില്‍ പെല്ലെറ്റ് കൊണ്ട പാടുകള്‍ ഉള്ളതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. കൃഷിയിടത്തിലോ ജനവാസ മേഖലയിലോ എത്തിയപ്പോള്‍ തുരത്താന്‍ വേണ്ടി ഉപയോഗിച്ചതാകാം എന്നണ് സംശയം. തണ്ണീര്‍ കൊമ്പനെ കേരള വനമേഖലയില്‍ കണ്ടപ്പോള്‍ തന്നെ കേരള കര്‍ണാടക വനംവകുപ്പുകള്‍ തമ്മില്‍ ആശയ വിനിമയം നടത്തിയതായാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കൃത്യമായ ലൊക്കേഷന്‍ സിഗ്‌നല്‍ പല ഘട്ടങ്ങളിലും ലഭിച്ചില്ല. ട്രാക്ക് ചെയ്യാന്‍ ഇത് തടസ്സമായി. ആനയെ തോല്‍പ്പെട്ടി മേഖലയില്‍ ഒരാഴ്ച മുമ്പ് കണ്ടതായി വനംവകുപ്പിന് വിവരം ലഭിച്ചിരുന്നു. ആന എത്തിയത് നാഗര്‍ഹോളെയില്‍ നിന്ന് തിരുനെല്ലി കാട്ടിലൂടെയെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മാനന്തവാടി നഗരത്തില്‍ ഇറങ്ങിയ തണ്ണീര്‍ കൊമ്പനെ മയക്ക് വെടിവെച്ച് പിടികൂടുകയായിരുന്നു. പിന്നാലെ ബന്ദിപ്പൂരില്‍ എത്തിച്ച തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞിരുന്നു.

Top