രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവന തിരിച്ചടിച്ചു, കളമശ്ശേരിയിലെ ജനങ്ങള്‍ക്കിടയിലും പ്രതിഷേധം ശക്തം കടുപ്പിച്ച് മുഖ്യമന്ത്രിയും

ളമശേരി സ്‌ഫോടനത്തെ സംബന്ധിച്ച് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ നടത്തിയ അഭിപ്രായ പ്രകടനത്തെ തള്ളി കളമശ്ശേരിക്കാരും രംഗത്ത്. രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ മുന്‍ നിര്‍ത്തി സംഭവത്തെ വഴി തിരിച്ചു വിടാന്‍ ശ്രമം നടന്നെന്നും, എന്നാല്‍, അത് വിലപ്പോയില്ലന്നുമാണ് വിദ്യാര്‍ത്ഥികള്‍ക്കിടയിലും ജനങ്ങള്‍ക്കിടയിലും ഉയര്‍ന്നിരിക്കുന്ന അഭിപ്രായം. നേരത്തെ ഈ വിഷയത്തില്‍, അതിരൂക്ഷമായാണ് രാജീവ് ചന്ദ്രശേഖറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചിരുന്നത്.

‘കേന്ദ്രമന്ത്രി പറയുന്നത് വിടുവായത്തമാണെന്നും രാജ്യത്തിന്റെ ഒരു മന്ത്രി ഇങ്ങനെയാണോ ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കേണ്ടതെന്നും ‘ ചോദിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍. വെറും വിഷമെന്നല്ല കൊടുംവിഷം എന്നാണ് അദ്ദേഹത്തെ വിളിക്കേണ്ടതെന്നും തുറന്നടിച്ചിരുന്നു. കളമശ്ശേരിയിലെ സ്‌ഫോടനസ്ഥലവും പരിക്കേറ്റവരേയും സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിന്റെ മതനിരപേക്ഷതയും സൗഹാര്‍ദവും തനിമയും തകര്‍ക്കുവാനാണ് രാജീവ് ചന്ദ്രശേഖര്‍ ശ്രമിച്ചതെന്നാണ് മുഖ്യമന്ത്രി ആരോപിക്കുന്നത്. രാജ്യത്തെ അന്വേഷണ ഏജന്‍സികളില്‍ അദ്ദേഹത്തിന് വിശ്വാസമില്ലേ. മികച്ച രീതിയിലാണ് അന്വേഷണം നടക്കുന്നത്. കേന്ദ്ര ഏജന്‍സികളും പിന്തുണയായുണ്ട്. അവരെയൊന്നും വിശ്വാസത്തിലെടുക്കാത്ത വിധമാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണമെന്നും പിണറായി വിമര്‍ശിച്ചിരുന്നു.

” സംഭവമറിഞ്ഞയുടനെ കേന്ദ്ര ആഭ്യന്തരമന്ത്രി തന്നെ വിളിച്ചിരുന്നു. വിഷയം ധരിപ്പിക്കുകയും പ്രത്യേക സഹായങ്ങള്‍ വേണമെങ്കില്‍ ആവശ്യപ്പെടാം’ എന്ന് അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. അതാണ് ശരിയായരീതി. എന്നാല്‍, ഇതൊന്നും മനസിലാക്കാതെ ഒരു വിഭാഗത്തെ താറടിക്കാന്‍ ലക്ഷ്യം വെച്ചുള്ളതായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവനയെന്നാണ് മുഖ്യമന്ത്രി പറയുന്നത്.

ഇത്തരത്തില്‍ പ്രതികരിക്കുന്നയാളെ വിഷം എന്നു മുന്‍പ് പറഞ്ഞ പിണറായി , ഇപ്പോള്‍ കൊടുംവിഷമാണ് എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് സമാനമായ പ്രതികരണങ്ങളാണ് കളമശ്ശേരിയില്‍ നിന്നും ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. (വീഡിയോ കാണുക)

Top