കല്‍ക്കരി ക്ഷാമം; തമിഴ്‌നാട്ടില്‍ നാല് ദിവസത്തേക്കുള്ള കല്‍ക്കരി മാത്രമാണ് അവശേഷിക്കുന്നതെന്ന് റിപ്പോര്‍ട്ട്

ചെന്നൈ: കേരളത്തിലേക്കടക്കം വൈദ്യുതിയെത്തുന്ന തമിഴ്‌നാട്ടില്‍ നാല് ദിവസത്തേക്കുള്ള കല്‍ക്കരി മാത്രമാണ് അവശേഷിക്കുന്നതെന്ന് റിപ്പോര്‍ട്ട്. പ്രതിസന്ധിക്ക് ഉടനടി പരിഹാരം കണ്ടില്ലെങ്കില്‍ കേരളമടക്കം തമിഴ്‌നാടിനെ ആശ്രയിക്കുന്ന പല സംസ്ഥാനങ്ങളും ഇരുട്ടിലാകും. തകരാര്‍ പരിഹരിക്കാനാണെന്ന് പറഞ്ഞ് വെള്ളിയാഴ്ച സംസ്ഥാനത്തിന്റെ പല ഭാഗത്തും പവര്‍ കട്ട് ഏര്‍പ്പെടുത്തിയെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് കല്‍ക്കരി ക്ഷാമവും ജനസമക്ഷം എത്തിയിരിക്കുന്നത്. തമിഴ്‌നാട് ജനറേഷന്‍ ആന്റ് ഡിസ്ട്രിബ്യൂഷന്‍ കോര്‍പറേഷന് കീഴിലെ അഞ്ച് താപ വൈദ്യുത നിലയങ്ങളില്‍ 3.8 ദിവസത്തേക്കുള്ള വൈദ്യുതി മാത്രമാണ് അവശേഷിക്കുന്നത്. സംസ്ഥാനം കേന്ദ്രത്തെ ബന്ധപ്പെട്ടതായാണ് വിവരം.

കോള്‍ ഇന്ത്യയുടെ പിന്തുണയാണ് സംസ്ഥാനവും തേടിയിരിക്കുന്നത്. ഒഡിഷയിലെ പരദീപ് തുറമുഖത്ത് കെട്ടിക്കിടക്കുന്ന കല്‍ക്കരി നല്‍കാത്തതാണ് സംസ്ഥാനത്തെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതെന്ന് സര്‍ക്കാരിലെ ഉന്നതര്‍ തന്നെ ആരോപിക്കുന്നുണ്ട്. സംസ്ഥാനത്ത് സാധാരണ 23 ലക്ഷം ടണ്‍ കല്‍ക്കരിയാണ് ഉണ്ടാകാറുള്ളത്. എന്നാല്‍ ഇപ്പോഴുള്ളത് 2.63 ലക്ഷം ടണ്‍ മാത്രം. ബുധനാഴ്ച വരെ 60265 ടണ്‍ കല്‍ക്കരി ഉപയോഗിച്ചു. എന്നാല്‍ ലഭിച്ചതാകട്ടെ 36255 ടണ്‍ മാത്രവും. 5820 മെഗാവാട്ട് ശേഷിയാണ് സംസ്ഥാനത്തെ താപവൈദ്യുത നിലയങ്ങള്‍ക്കുള്ളത്. 72000 ടണ്‍ കല്‍ക്കരിയാണ് ദിവസവും ആവശ്യമായുള്ളത്. തമിഴ്‌നാടിന് പുറമെ ദില്ലി, പഞ്ചാബ്, ആന്ധ്രപ്രദേശ് മുഖ്യമന്ത്രിമാരും കേന്ദ്രസര്‍ക്കാരിനെ ബന്ധപ്പെട്ടിട്ടുണ്ട്.

Top