‘രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിലും കേന്ദ്ര ബജറ്റിലും തൊഴിലാളിയെന്ന വാക്കില്ല’; സിപിഎം

തിരുവനന്തപുരം: ജനപ്രിയ പദ്ധതി പ്രഖ്യാപനങ്ങള്‍ ഒന്നുമില്ലാത്ത രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന ബജറ്റിനെ വിമര്‍ശിച്ച് സിപിഎം. ദരിദ്ര ജനവിഭാഗങ്ങളും തൊഴിലാളികളും അനുഭവിക്കുന്ന പ്രശ്‌നങ്ങളൊന്നും കേന്ദ്ര സര്‍ക്കാരിന്റെ നയരൂപീകരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങളല്ല എന്ന് രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ നിന്നും കേന്ദ്രബജറ്റില്‍ നിന്നും വ്യക്തമാണെന്ന് പാര്‍ട്ടി കേരള ഘടകത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വന്ന കുറിപ്പില്‍ പറയുന്നു.

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിലും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റിലും ഒരിടത്തുപോലും തൊഴിലാളി എന്ന വാക്കില്ല എന്നത് ശ്രദ്ധേയമാണെന്നും സിപിഎം ചൂണ്ടിക്കാട്ടി. ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കപ്പെട്ട ആദായ നികുതി പരിധിയില്‍ പോലും ഒരു മാറ്റവും ബജറ്റില്‍ പ്രഖ്യാപിക്കപ്പെട്ടില്ല. നേട്ടങ്ങള്‍ എണ്ണമിട്ട ധനമന്ത്രി സര്‍ക്കാര്‍ തുടരുമെന്ന പ്രതീക്ഷ മുന്‍പോട്ട് വച്ചാണ് ബജറ്റവതരണം പൂര്‍ത്തിയാക്കിയത്.

Top