കെഎസ്ഐഡിസിയിലെ എസ്എഫ്ഐഒ പരിശോധനയ്ക്ക് സ്റ്റേ ഇല്ല

കൊച്ചി: കെഎസ്ഐഡിസിയിലെ എസ്എഫ്ഐഒ പരിശോധനയ്ക്ക് സ്റ്റേ ഇല്ല. പരിശോധന തടയണമെന്ന കെഎസ്ഐഡിസിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഹര്‍ജിയില്‍ കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയത്തോട് വിശദീകരണം തേടിയിട്ടുണ്ട്.

സിഎംആര്‍എല്ലില്‍ കെഎസ്ഐഡിസിക്ക് ഓഹരി പങ്കാളിത്തം ഉണ്ടോ എന്നതുള്‍പ്പടെ പരിശോധിക്കുന്നുണ്ടെന്നാണ് വിവരം. സിഎംആര്‍എല്ലിന്റെ ആലുവയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ എസ്എഫ്ഐഒ രണ്ട് ദിവസം പരിശോധന നടത്തിയിരുന്നു. കമ്പനിയുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് എസ്എഫ്‌ഐഒ ഉദ്യോഗസ്ഥര്‍ കൂടുതല്‍ വ്യക്തത തേടിയേക്കുമെന്നാണ് സൂചന. ഇതിനായാണ് ആദായ നികുതി വകുപ്പില്‍ നിന്ന് കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടതെന്നും വിവരമുണ്ട്.ഇന്ന് ഉച്ചയോടെയാണ് എസ്എഫ്ഐഒ കെഎസ്ഐഡിസിയുടെ തിരുവനന്തപുരത്തെ ഓഫീസില്‍ പരിശോധനയ്ക്കെത്തിയത്. എസ്എഫ്ഐഒ ഡപ്യൂട്ടി ഡയറക്ടര്‍ അരുണ്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് പരിശോധന നടത്തുന്നത്.

എന്തെങ്കിലും ഒളിയ്ക്കാനുണ്ടോയെന്ന് ഹര്‍ജി പരിശോധിക്കുന്നതിനിടെ ഹൈക്കോടതി ചോദിച്ചു. ഒന്നും ഒളിക്കാനില്ലെന്നായിരുന്നു കെഎസ്‌ഐഡിസിയുടെ മറുപടി. പിന്നെ എന്തിനാണ് ഭയക്കുന്നതെന്നും കോടതി ചോദിച്ചു.

Top