നവകേരള സദസ്സിന് ഭരണപക്ഷ-പ്രതിപക്ഷ വ്യത്യാസമില്ല; അഹമ്മദ് ദേവര്‍കോവില്‍

ലോക ചരിത്രത്തിലെ ഒരു ഇതിഹാസമായി നവകേരള സദസ്സ് മാറുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ചിലര്‍ക്ക് തോന്നല്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ വരും ദിവസങ്ങളില്‍ അവരില്‍ മാറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവകേരള സദസ്സില്‍ യുഡിഎഫ് എംഎല്‍എമാര്‍ പങ്കെടുക്കണമെന്നും അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.

നവകേരള സദസ്സ് പോലെയൊരു പരിപാടി ഇതിനുമുമ്പ് കേരളത്തിലോ ഇന്ത്യയിലോ ലോകത്തോട് ഉണ്ടായിട്ടില്ല. 140 നിയോജക മണ്ഡലത്തിലെ ജനങ്ങള്‍ വരവേല്‍പ്പോടെ കാത്തിരിക്കുന്നു. നവകേരള സദസ്സിന് ഭരണപക്ഷ-പ്രതിപക്ഷ വ്യത്യാസമില്ല. സര്‍ക്കാര്‍ പരിപാടി ആയതിനാല്‍ എല്ലാ വിഭാഗം ആളുകളും സഹകരിക്കും. ചിലയാളുകള്‍ക്ക് പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഇടക്കാലത്ത് തോന്നല്‍ ഉണ്ടായിട്ടുണ്ടെങ്കിലും വരും ദിവസങ്ങളില്‍ അവരിലും മാറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പരിപാടിയില്‍ പങ്കെടുക്കാന്‍ സ്വന്തം അണികളില്‍ നിന്നും സമ്മര്‍ദ്ദം ഉള്ളതായി പ്രതിപക്ഷ അംഗങ്ങളുടെ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാണ്. ജനങ്ങളോട് പ്രതിബദ്ധതയുള്ളവരാണ് എംഎല്‍എമാര്‍. സ്വന്തം നിയോജകമണ്ഡലത്തില്‍ നടക്കുന്ന പരിപാടികള്‍ എംഎല്‍എമാരാണ് മുന്നില്‍ നിന്നും നയിക്കാറുള്ളത്. മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് മണ്ഡലത്തിലെത്തുമ്പോള്‍ മാന്യത അനുസരിച്ച് ഇവരെ സ്വീകരിക്കേണ്ട ചുമതല എംഎല്‍എമാര്‍ക്കാണെന്നും അഹമ്മദ് ദേവര്‍കോവില്‍ അഭിപ്രായപ്പെട്ടു.

മണ്ഡലത്തില്‍ ജനങ്ങളുമായി ബന്ധപ്പെട്ട പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയെ നേരിട്ട് അറിയിക്കാനുള്ള എംഎല്‍എമാര്‍ക്കുള്ള അവസരം കൂടിയാണിത്. ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ഈ അവസരമാണ് എംഎല്‍എമാര്‍ നഷ്ടപ്പെടുത്തുന്നത്. നവകേരള സദസ്സിലേക്ക് പൗരപ്രമുഖരെ മാത്രമാണ് ക്ഷണിച്ചിരിക്കുന്നതെന്ന പ്രതിപക്ഷ ആരോപണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷത്തിന്റെ ‘പൗരപ്രമുഖര്‍’ എന്ന പ്രയോഗം തന്നെ തെറ്റാണ്. നവകേരള സദസ്സിലേക്ക് ക്ഷണിച്ചിട്ടുള്ളത് പൗരപ്രമുഖരെ അല്ല, സാധാരണ ജനങ്ങളെയാണ്. മുഖ്യമന്ത്രിക്ക് എല്ലാവരുടെയും പരാതി നേരിട്ട് കേള്‍ക്കാന്‍ പ്രായോഗികമായി കഴിയില്ല. അതുകൊണ്ടാണ് വിവിധ ജനവിഭാഗങ്ങളുടെ പ്രതിനിധികളെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യുന്നത്. സ്വാഭാവികമായും പൗരപ്രമുഖര്‍ ഉണ്ടാകും. കഴിഞ്ഞ രണ്ടര വര്‍ഷത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്ന പരിപാടിയായി നവകേരള സദസ് മാറുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top