ലോക് ഡൗണ്‍ കൂടുതല്‍ ദിവസത്തേക്ക് നീട്ടും; വാര്‍ത്തകള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക് ഡൗണ്‍ കൂടുതല്‍ ദിവസത്തേക്ക് നീട്ടുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍. ലോക്ക് ഡൗണ്‍ നീട്ടുന്നതിനെക്കുറിച്ചുള്ള ഒരു ആലോചനയും കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നില്ലെന്ന് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടരി രാജീവ് ഗൗബ അറിയിച്ചു. ഇത്തരം വാര്‍ത്തകള്‍ കാണുമ്പോള്‍ ആശ്ചര്യം തോന്നുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ചൈനയിലേതിന് സമാനമായി കൂടുതല്‍ ദിവസത്തേക്ക് ഇന്ത്യയും ലോക്ക് ഡൗണ്‍ നീട്ടിയേക്കും എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിലും മറ്റു വലിയ പ്രചാരണം നടക്കുന്നുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി കേന്ദ്രസര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥന്‍ തന്നെ രംഗത്തു വന്നിരിക്കുന്നത്.

ഏപ്രില്‍ 14 വരെയാണ് നിലവില്‍ രാജ്യത്ത് 21 ദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം ലോക്ക് ഡൗണിലും ചരക്കുഗതാഗതം മുടങ്ങരുതെന്നും വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണവും താമസവും ഉറപ്പാക്കണമെന്ന് കേന്ദ്രം ഇന്നലെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

അതിഥി തൊഴിലാളികളെ ഒരു തരത്തിലും സഞ്ചരിക്കാന്‍ അനുവദിക്കരുതെന്നും ഇതിനായി ജില്ല-സംസ്ഥാന അതിര്‍ത്തികള്‍ അടയ്ക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.

Top