ഇപിയെ പ്രത്യേകം ക്ഷണിക്കേണ്ട ആവശ്യം ഇല്ല, താനും ക്ഷണിച്ചിട്ട് വന്നതല്ല; എം.വി ഗോവിന്ദന്‍

എല്‍ ഡി എഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ സെമിനാറില്‍ പങ്കെടുക്കാത്തതില്‍ വിശദീകരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ജയരാജനെ സെമിനാറിന് പ്രത്യേകം ക്ഷണിക്കേണ്ട ആവശ്യം ഇല്ലെന്നും താനും ക്ഷണിച്ചിട്ട് വന്നതല്ലെന്നും, പാര്‍ട്ടി സെക്രട്ടറി എന്ന ഉത്തരവാദിത്വം വഹിക്കുന്നത് കൊണ്ട് എത്തിയതാണ് എന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. എല്ലാ ജില്ലകളിലും സെമിനാര്‍ ഉണ്ടാകും. ഇ.പിക്ക് അവിടെ പങ്കെടുക്കാന്‍ അവസരം ഉണ്ടല്ലോ. സെമിനാറില്‍ പങ്കെടുക്കുന്നതിലല്ല, നിലപാടിലാണ് കാര്യം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് സെമിനാര്‍ നടക്കുമ്പോള്‍ ഇ പി തലസ്ഥാനത്തായിരിക്കും. ഇ പി തിരുവനന്തപുരത്ത് എത്തിയത് ഡി വൈ എഫ് ഐ നിര്‍മ്മിച്ച് നല്‍കിയ സ്‌നേഹ വീടിന്റെ താക്കോല്‍ദാനത്തിനാണ്. ഇ പി ജയരാജന്‍ സെമിനാറില്‍ പങ്കെടുക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടില്ലെന്ന് സിപിഐഎം നേതൃത്വം അറിയിച്ചു. സെമിനാറില്‍ പങ്കെടുക്കുന്നവരുടെ പട്ടിക നേരത്തെ പുറത്തു വിട്ടിരുന്നു. കേന്ദ്ര കമ്മറ്റി അംഗങ്ങളില്‍ എല്ലാവരും പട്ടികയില്‍ ഇല്ല. സിപിഐഎം നേതാക്കള്‍ ആരൊക്കെ സെമിനാറില്‍ ഉണ്ടാകണമെന്ന് സെക്രട്ടറിയേറ്റ് നേരത്തെ തീരുമാനിച്ചിരുന്നു.

Top