‘അതിഥികളില്‍ നിന്ന് ഇന്ത്യയുടെ യാഥാര്‍ത്ഥ്യം മറച്ചുവെക്കേണ്ട ആവശ്യമില്ല’; രാഹുല്‍ ഗാന്ധി

ദില്ലി: ജി20 ഉച്ചകോടിക്ക് മുന്നോടിയായി രാജ്യതലസ്ഥാനത്തെ ചേരികള്‍ പ്ലാസ്റ്റിക് ഷീറ്റുകളും ഫ്‌ലക്‌സ് ബോര്‍ഡുകളും കൊണ്ട് മറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. അതിഥികളില്‍ നിന്ന് രാജ്യത്തിന്റെ യാഥാര്‍ത്ഥ്യം മറച്ചുവെക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്ന്് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ലോക നേതാക്കളും പ്രതിനിധികളും കടന്നുപോകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ ചേരികളാണ് ജി20 ഉച്ചകോടിയെ തുടര്‍ന്ന് മറച്ചത്.ഇന്ത്യന്‍ സര്‍ക്കാര്‍ പാവപ്പെട്ട മനുഷ്യരെയും മൃഗങ്ങളെയും മറയ്ക്കുകയാണ്. അതിഥികളില്‍ നിന്ന് ഇന്ത്യയുടെ യാഥാര്‍ത്ഥ്യം മറച്ചുവെക്കേണ്ട ആവശ്യമില്ല രാഹുല്‍ ട്വീറ്റ് ചെയ്തു.

വിഷയത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശും രംഗത്തെത്തി.ഉച്ചകോടിക്ക് മുമ്പ് വസന്ത് വിഹാറിലെ ചേരിപ്രദേശമായ കൂലി ക്യാമ്പ് മറയ്ക്കുന്നതിന്റെ വീഡിയോ കോണ്‍ഗ്രസ് പങ്കിട്ടിരുന്നു.ജി20 ഉച്ചകോടിക്ക് മുന്നോടിയായി ഡല്‍ഹി നഗരത്തിലെ പ്രധാന മേഖലയായ മുനീര്‍ക്കയിലെ ചേരിയിലാണ് ഗ്രീന്‍ നെറ്റ് ഉപയോഗിച്ച് വീടുകള്‍ ഒരു തരത്തിലും പുറത്ത് കാണാത്ത രീതിയില്‍ മറച്ചിരിക്കുന്നത്. ചേരിയിലുള്ളവര്‍ പുറത്തിറങ്ങുന്ന വഴി മാത്രമാണ് തുറന്നിട്ടുള്ളത്. നെറ്റിന് മുകളില്‍ ജി20യുടെ പരസ്യ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. പ്രധാന വേദിയായ പ്രഗതി മൈതാനിലെ ഭാരത മണ്ഡപത്തിന് സമീപത്തുണ്ടായിരുന്ന ചേരിയിലെ അന്‍പതോളം വീടുകള്‍ പൊളിച്ചു നീക്കി.

Top