മുഖമില്ലാത്തവര്‍ക്കെതിരെ നിയമനടപടിക്കില്ല, നേര്‍ക്കുനേര്‍ ആരോപണം ഉന്നയിക്കട്ടെ; അച്ചു ഉമ്മന്‍

കോട്ടയം: അച്ചു ഉമ്മനെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് ചാണ്ടി ഉമ്മനും മാറിയ ഉമ്മനും. വിമര്‍ശനം നല്ലതാണ് എന്നാല്‍ അതിന് പരിധിയുണ്ടെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. കഥകള്‍ മെനഞ്ഞു വിമര്‍ശനം നടത്തുന്നവര്‍ സ്വയം ആലോചിക്കണം. സൈബര്‍ ആക്രമണം ആരോഗ്യകരമായ രീതിയല്ല. ഇതുമായി ബന്ധപ്പെട്ടവര്‍ പിന്മാറണമെന്നും മറിയ ഉമ്മന്‍ പ്രതികരിച്ചു. അച്ചു ഉമ്മന്റെ തൊഴിലിനെ ആക്ഷേപിക്കുന്നത് ശരിയല്ല. തെറ്റ് ചെയ്യാത്തതിനാല്‍ തങ്ങള്‍ക്ക് ഒരു ഭയവുമില്ലെന്ന് മറിയ ഉമ്മന്‍ പറഞ്ഞു.

ഫാഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന അച്ചുവിന്റെ ചിത്രങ്ങള്‍ ചേര്‍ത്ത് ഇടത് സൈബര്‍ ഹാന്‍ഡിലുകളിലെ അധിക്ഷേപങ്ങള്‍ക്കെതിരെ അച്ചു ഉമ്മന്‍ പ്രതികരിച്ചു. ജീവിച്ചിരുന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടി. മരിച്ചപ്പോള്‍ മക്കളെ വേട്ടയാടുന്നു. മുഖമില്ലാത്തവര്‍ക്കെതിരെ നിയമനടപടിക്കില്ല. ധൈര്യമുണ്ടെങ്കില്‍ നേര്‍ക്കുനേര്‍ ആരോപണം ഉന്നയിക്കട്ടെ.

സൈബര്‍ ആക്രമണം അഴിമതിയില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണെന്നും അവര്‍ പറഞ്ഞു. പിതാവിന്റെ പേര് ഉപയോഗിച്ച് ഇതുവരെ ഒരു നേട്ടവും ഉണ്ടാക്കിയിട്ടില്ലെന്നും ചെയ്ത എല്ലാ കാര്യങ്ങളും സുതാര്യമെന്നും അച്ചു പറഞ്ഞു. ഉമ്മന്‍ ചാണ്ടിക്കെതിരായ സിപിഐഎം അധിക്ഷേപങ്ങളുടെ തുടര്‍ച്ചയാണിതെന്ന് യുഡിഎഫ് ആരോപിക്കുന്നു.

Top