കേരള തീരത്ത് ഇന്ന് മീൻപിടിത്തത്തിന് തടസ്സമില്ല ; ജാഗ്രത തുടരണം

തിരുവനന്തപുരം: കേരള തീരത്ത് മത്സ്യബന്ധനത്തിന് ഇന്ന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. നേരത്തെ, ഇന്ന് മുതൽ ഓഗസ്റ്റ് 10 വരെ കർണാടക തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് പ്രഖ്യാപിച്ചിരുന്നു. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ തിങ്കളാഴ്ച മുതൽ ഓഗസ്റ്റ് 10 വരെ, മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

അതേസമയം കേരള തീരത്ത് നാളെ (ഓഗസ്റ്റ് 7) രാത്രി പതിനൊന്നര വരെ 3.5 മുതൽ 3.6 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത തുടരണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മുന്നറിയിപ്പുകൾ

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

2. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക.

3. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

Top