ഹാദിയയുടെ സുരക്ഷയില്‍ ആശങ്കയില്ല, ശക്തമായ ഇരുമ്പുകവചമാണ് നല്‍കിയിരിക്കുന്നത് ; അശോകന്‍

Hadiya's father Asokan

ന്യൂഡല്‍ഹി: സുപ്രീം കോടതി വിധി പൂര്‍ണമായും അംഗീകരിക്കുന്നുവെന്ന് ഹാദിയയുടെ പിതാവ് അശോകന്‍.

ഹാദിയയെ വീട്ടു തടങ്കലില്‍ പാര്‍പ്പിച്ചിട്ടില്ലെന്നും, ഷെഫിന്‍ ജഹാനു ഹാദിയയെ കാണാനാകില്ലെന്നും, ഭര്‍ത്താവാണെന്നു കോടതി അംഗീകരിച്ചിട്ടില്ലെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു.

വിധിയില്‍ സന്തോഷമുണ്ടെന്നും, ശക്തമായ ഇരുമ്പുകവചമാണ് ഹാദിയയ്ക്കു നല്‍കിയിരിക്കുന്നതെന്നും, പോകുന്നവര്‍ക്കൊന്നും അവളെ കാണാന്‍ അനുവാദമില്ലെന്നും പിതാവ് വ്യക്തമാക്കി.

ഹാദിയ പഠനം തുടരുന്നതില്‍ സന്തോഷം ഉണ്ടെന്നും അവളുടെ സുരക്ഷയില്‍ തനിക്ക് ആശങ്കയില്ലെന്നും അശോകന്‍ പറഞ്ഞു. നിയമപോരാട്ടത്തില്‍ ഇതുവരെ വിജയിച്ചത് താനാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഹാദിയയുടെ മാതാപിതാക്കള്‍ കേരള ഹൗസില്‍നിന്നു വിമാനത്താവളത്തിലേക്ക് തിരിച്ചു. ഉച്ചയ്ക്ക് 2.35നുള്ള വിമാനത്തില്‍ ഇരുവരും കൊച്ചിക്കു മടങ്ങും.

ഹാദിയ സേലത്തേക്കും യാത്ര തിരിച്ചു. 1.20നുള്ള വിമാനത്തിലാണ് കോയമ്പത്തൂരിലേക്ക് പോകുക. അവിടെ നിന്നും റോഡ് മാര്‍ഗമാണ് സേലത്തേക്കുള്ള യാത്ര.

തമിഴ്‌നാട് പൊലീസിന്റെ കനത്ത സുരക്ഷയിലായിരിക്കും ഹാദിയയുടെ തുടര്‍പഠനം. അതിനാല്‍ ഭര്‍ത്താവ് അടക്കമുള്ളവര്‍ക്ക് ഹാദിയയെ കാണാനോ സംസാരിക്കുവാനോ സാധിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

സര്‍വകലാശാല ഡീന്‍ ആയിരിക്കും ഹാദിയയുടെ ലോക്കല്‍ ഗാര്‍ഡിയനെന്നും കോടതി ഉത്തരവിലൂടെ അറിയിച്ചു.

ജനുവരി മൂന്നിന് ഈ കേസ് വീണ്ടും പരിഗണിക്കും. ഹാദിയയെ സേലത്തെ കോളേജിലേക്കെത്തിക്കേണ്ട ചെലവ് കേരള സര്‍ക്കാര്‍ വഹിക്കണമെന്നും കോടതി പറഞ്ഞു.

Top