ഹത്രാസും വാളയാറും തമ്മില്‍ വ്യത്യാസമില്ല; ചെന്നിത്തല

വാളയാര്‍: ഹത്രാസും വാളയാറും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രണ്ടും ഭരണകൂട ഭീകരതയാണ്. ഇതിനെതിരെ കേരളം ഉണര്‍ന്നു ഒറ്റക്കെട്ടായി നില്‍ക്കേണ്ട സന്ദര്‍ഭമാണിതെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ഇതുപോലെ ക്രൂരത കാട്ടാന്‍ പാടില്ല. വാളയാര്‍ എത്ര തവണയാണ് യു.ഡി.എഫ് നിയമസഭയില്‍ ഉന്നയിച്ചത്. ഇവര്‍ക്ക് നീതി നല്‍കണമെന്ന് എത്ര തവണയാണ് ആവശ്യപ്പെട്ടത്. കണ്ണുതുറക്കാത്ത ഒരു സര്‍ക്കാരാണ് കേരളത്തില്‍ അധികാരത്തിലിരിക്കുന്നത്. ഇവരുടെ വേദന കാണാന്‍ ആരുമില്ല. പെണ്‍കുട്ടികളുടെ കുടുംബത്തിന് നീതി കിട്ടണം.

കഴിഞ്ഞ ദിവസം സമരപ്പന്തലിന് അടുത്ത് വരെ സന്ദര്‍ശനം നടത്തിയ പട്ടികജാതി പട്ടികവകുപ്പ് മന്ത്രി ഇവിടേക്ക് വരാന്‍ പോലും തയ്യാറായില്ല. എന്തിനു വേണ്ടിയുളള സമരമാണ് ഇതെന്നാണ് ജില്ലയുടെ ചുമതലയുളള മന്ത്രി ചോദിക്കുന്നത്. അദ്ദേഹത്തിന് അതുപോലും ഓര്‍മയില്ലെന്നും ചെന്നിത്തല ആരോപിച്ചു.

പോക്‌സോ കേസുകള്‍ അട്ടിമറിക്കുന്ന, പാവപ്പെട്ടവര്‍ക്ക് നീതി ലഭ്യമാക്കാത്ത സര്‍ക്കാരിനെതിരായ ജനവികാരത്തിന്റെ പ്രതിഫലനമാണ് ഈ സമരത്തിലൂടെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.ഡി.എഫ്. അധികാരത്തില്‍ വന്നാല്‍ കേസില്‍ ഉത്തരവാദികളായവര്‍ സര്‍വീസിലുണ്ടാകില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Top