There is no DGP cader post for Kerala

ന്യൂഡല്‍ഹി: ഫയര്‍ഫോഴ്‌സ് മേധാവി സ്ഥാനം ഡിജിപി കേഡര്‍ തസ്തികയാക്കി ഉയര്‍ത്തി കേരളത്തിലെ പോലീസ് തലപ്പത്തെ പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചാല്‍ അംഗീകരിക്കില്ലെന്ന് കേന്ദ്രം.

ക്രമസമാധാന ചുമതലയുള്ള ഡിജിപിക്ക് പുറമേ തന്ത്രപ്രധാന തസ്തികയായ വിജിലന്‍സ് ഡയറക്ടര്‍ക്ക് മാത്രമാണ് കേരളത്തില്‍ ഡിജിപി കേഡര്‍ തസ്തികയ്ക്ക് അര്‍ഹതയുള്ളത്.

സംസ്ഥാന സര്‍ക്കാര്‍ അത് മാറ്റി വിജിലന്‍സ് ഡയറക്ടറെ എക്‌സ് കേഡര്‍ തസ്തികയിലേക്ക് കൊണ്ട് വന്ന് ഫയര്‍ഫോഴ്‌സ് മേധാവിയുടേത് കേഡര്‍ തസ്തികയാക്കാന്‍ തീരുമാനമെടുത്താല്‍ അത് അംഗീകരിക്കില്ലെന്നാണ് കേന്ദ്രപേഴ്‌സണല്‍ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

ഡിജിപിമാരുടെ കേഡര്‍ തസ്തിക വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബറില്‍ കേരള സര്‍ക്കാര്‍ അയച്ച കത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം (MHA) പേഴ്‌സണല്‍ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്.

നിലവില്‍ രണ്ട് കേഡര്‍ തസ്തികയും രണ്ട് എക്‌സ്‌കേഡര്‍ തസ്തികയുമാണ് സംസ്ഥാനത്തിന് അനുവദിച്ചിട്ടുള്ളത്.

കേരളം പോലെ ചെറിയൊരു സംസ്ഥാനത്ത് ഡിജിപിമാരുടെ പദവി ഉയര്‍ത്തുന്നത് അധികസാമ്പത്തിക ബാധ്യത വരുത്തുമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. അതിനാല്‍ തന്നെ കൂടുതല്‍ കേഡര്‍ തസ്തിക അനുവദിക്കാനാകില്ല.

നിലവിലെ ഡിജിപിമാരില്‍ ആരെ വേണമെങ്കിലും വിജിലന്‍സ് ഡയറക്ടറാക്കി സര്‍ക്കാരിന് നിയമനം നല്‍കാമെന്നിരിക്കെ ഒരു എഡിജിപിക്ക് വിജിലന്‍സ് ഡയറക്ടറുടെ ചുമതല നല്‍കിയത് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെയും പേഴ്‌സണല്‍ മന്ത്രാലയത്തിലേയും ഉദ്യോഗസ്ഥരെയും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്.

കൂടുതല്‍ ഡിജിപി കേഡര്‍ തസ്തിക അനുവദിക്കില്ലെന്ന് നേരത്തെ തന്നെ വെളിപ്പെടുത്തിയ അധികൃതര്‍ സംസ്ഥാന സര്‍ക്കാരിന് തോന്നുന്നത് പോലെ ഡിജിപി കേഡര്‍ തസ്തിക മാറ്റി കളിക്കാന്‍ പറ്റില്ലെന്നും ഇക്കാര്യങ്ങള്‍ക്ക് ഒരു കാരണവശാലും അംഗീകാരം നല്‍കില്ലെന്നുമാണ് വ്യക്തമാക്കുന്നത്.

മൂന്ന് ഡിജിപിമാരുണ്ടായിട്ടും എഡിജിപിയെ വിജിലന്‍സ് ഡയറക്ടറാക്കിയ നടപടി കോടതി നടപടികളിലേക്കും നീങ്ങാന്‍ സാധ്യതയുള്ളതിനാല്‍ ശക്തമായ നിലപാട് തന്നെ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കും.

വിജിലന്‍സ് ഡയറക്ടര്‍ നിയമനം സംസ്ഥാനസര്‍ക്കാരിന്റെ അധികാര പരിധിയില്‍പ്പെട്ട കാര്യമാണെങ്കിലും കേഡര്‍ തസ്തികകള്‍ മാറ്റി കൊണ്ടുള്ള നിയനം നടത്തിയാല്‍ നിലവിലെ ഡിജിപിമാരുടെ അയോഗ്യതകള്‍ എന്താണെന്നും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനു മുന്നില്‍ വ്യക്തമാക്കേണ്ടി വരും.

മുഖ്യമന്ത്രിക്കെതിരെ നിയമനടപടിക്കൊരുങ്ങിയ ഡിജിപി ജേക്കബ് തോമസ് പോലും തെറ്റ് ചെയ്തിട്ടില്ലെന്ന് സര്‍ക്കാര്‍ ഇപ്പോള്‍ നിലപാടെടുത്ത സ്ഥിതിക്ക് മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെയും ഒരു റിപ്പോര്‍ട്ട് പോലും കേന്ദ്രത്തിന് മുന്നില്‍ ഹാജരാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലെന്ന് വ്യക്തമാണ്.

ഫലത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൂടി എതിരാവുന്ന സാഹചര്യമാണ് സംസ്ഥാനസര്‍ക്കാര്‍ ഇപ്പോള്‍ വരുത്തിവെച്ചിരിക്കുന്നത്.

മാത്രമല്ല വിജിലന്‍സ് ഡയറക്ടര്‍ നിയമനം ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി വരുമെന്നതും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന ഘടകമാണ്.

വിജിലന്‍സ് തുടരന്വേഷണത്തിനെതിരായ ഹര്‍ജിയില്‍ കോടതി പരാമര്‍ശത്തെ തുടര്‍ന്ന് രാജിവയ്‌ക്കേണ്ടി വന്ന കെഎം മാണിയുടെ അവസ്ഥയാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കാത്തിരിക്കുന്നതെന്നാണ് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.

സര്‍വ്വീസില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡിന് ഉടമകളായ ജേക്കബ് തോമസ്, ഋഷിരാജ് സിംങ്ങ്, ലോക്‌നാഥ് ബെഹ്‌റ എന്നിവരെ വിജിലന്‍സ് ഡയറക്ടറാക്കാത്തത് എന്തടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചാല്‍ സര്‍ക്കാരിന് ഉത്തരം മുട്ടും. പ്രത്യേകിച്ച് ഡിജിപിമാരെ മറി കടന്ന് എഡിജിപിയെ വിജിലന്‍സ് തലപ്പത്ത് നിയമിച്ച സാഹചര്യത്തില്‍.

ബാര്‍കോഴക്കേസടക്കം സര്‍ക്കാരിനെതിരായ വിജിലന്‍സ് അന്വേഷണങ്ങള്‍ അട്ടിമറിക്കാനാണ് സത്യസന്ധരായ മൂന്ന് ഡിജിപിമാരെ ഒഴിവാക്കിയതെന്ന വികാരം പൊതുസമൂഹത്തില്‍ ശക്തമായ സ്ഥിതിക്ക് കോടതിയുടെയും കേന്ദ്രത്തിന്റെയും ഇടപെടല്‍ സര്‍ക്കാരിന്റെ ‘ഭാവി’യ്ക്കും നിര്‍ണ്ണായകമാണ്.

Top