സര്‍ക്കാരിന് വീണ്ടും തിരിച്ചടി ഗോവിന്ദച്ചാമിക്ക് വധശിക്ഷയില്ല

ന്യൂഡല്‍ഹി: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി.

ഗോവിന്ദച്ചാമിയുടെ കൊലപാതക കുറ്റം സുപ്രീം കോടതി പുനസ്ഥാപിച്ചില്ല. നീതി നിഷേധിക്കപ്പെട്ടുവെന്ന വാദവും കോടതി തള്ളി. ഇതോടെ കേസിലെ പ്രതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ വാങ്ങി നല്‍കാനുള്ള നിയമപോരാട്ടം ഏകദേശം അവസാനിച്ചു.

നേരത്തെ കേസില്‍ വിധി പ്രസ്താവിച്ച ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, പ്രഫുല്ല ചന്ദ്ര പന്ത്, യു യു ലളിത് എന്നിവര്‍ക്ക് പുറമെ, ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍, ജസ്റ്റിസുമാരായ ദീപക് മിശ്ര , ജെ ചലമെശ്വര്‍ എന്നിവരടങ്ങിയ ബഞ്ചാണ് തിരുത്തല്‍ ഹര്‍ജി തള്ളിയത്.

സൗമ്യ വധക്കേസില്‍ തിരുത്തല്‍ ഹര്‍ജി ഇന്നലെ പരിഗണിച്ചെങ്കിലും തീരുമാനം തീരുമാനം അറിയിക്കുന്നതിനായി വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് ഇന്ന് വൈകീട്ട് നാല് മണിക്ക് ശേഷം കേസിലെ സുപ്രധാന തീരുമാനം സുപ്രീംകോടതി അറിയിക്കുകയായിരുന്നു.

സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ പുനസ്ഥാപിക്കുന്നതിനായുള്ള അവസാനവട്ട ശ്രമമായാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കിയത്. ഗോവിന്ദചാമിക്ക് വിചാരണ കോടതിയും ഹൈക്കോടതിയും വിധിച്ച വധശിക്ഷ ജീവപര്യന്തമായി സുപ്രീംകോടതി ഇളവ് ചെയ്തിരുന്നു. വിധി പുന:പരിശോധിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സൗമ്യയുടെ അമ്മയുടെയും ആവശ്യം തുറന്നകോടതിയില്‍ വാദം കേട്ട ശേഷം, കോടതി തള്ളുകയായിരുന്നു.

സൗമ്യയെ തീവണ്ടിയില്‍ നിന്ന് തള്ളിയിട്ടത് ഗോവിന്ദ ചാമിയാണെന്നതിന് നേരിട്ടുള്ള തെളിവുകള്‍ ഇല്ലെന്നാണ് ശിക്ഷ ഇളവ് ചെയ്യാന്‍ കോടതി കണ്ടെത്തിയ കാരണം. എന്നാല്‍ മറ്റെല്ലാ തെളിവുകളും എതിരാകുമ്പോള്‍ ഗോവിന്ദചാമിക്ക് സംശയത്തിന്റെ ഇളവ് നല്‍കരുതെന്നാണ് തിരുത്തല്‍ ഹര്‍ജിയില്‍ സര്‍ക്കാര്‍ വാദിച്ചത്.

പുനപരിശോധന ഹര്‍ജി പരിഗണിക്കുമ്പോള്‍ പ്രോസിക്യൂഷന് അനുകൂലമായി ജസ്റ്റിസ് മാര്‍ക്കണ്‌ഠേയ കട്ജു കോടതിയില്‍ ഹാജരായിരുന്നു. അദ്ദേഹത്തിന് എതിരായ കോടതിയലക്ഷ്യ നടപടികള്‍ക്കാണ് അന്ന് ഊന്നല്‍ നല്‍കിയതെന്നും, വസ്തുതകള്‍ക്ക് മതിയായ പ്രാധാന്യം നല്‍കിയിട്ടില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേരളം തിരുത്തല്‍ ഹര്‍ജി നല്‍കിയത്. തുറന്ന കോടതിയില്‍ പുനഃപ്പരിശോധന ഹര്‍ജിയില്‍ വാദം കേട്ടെങ്കിലും, തുറന്ന മനസോടെയല്ല കേസ് പരിഗണിച്ചത് എന്ന് തിരുത്തല്‍ ഹര്‍ജിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

Top