ആര്‍എസ്പിക്ക് സീറ്റ് നല്‍കിയ സാഹചര്യമല്ല ഇപ്പോഴുള്ളത് ; ഹസ്സന് മറുപടിയുമായി സുധീരന്‍

sudheeran

തിരുവന്തപുരം: ആര്‍എസ്പിക്ക് കൊല്ലം സീറ്റ് നല്‍കിയത് പാര്‍ട്ടി ചര്‍ച്ച ചെയ്തില്ലെന്ന ഹസ്സന്റെ വാദം തെറ്റെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം.സുധീരന്‍. കെപിസിസി എക്‌സിക്യുട്ടീവില്‍ ചര്‍ച്ച ചെയ്തിരുന്നുവെന്നും ആര്‍എസ്പിയുമായി നേരത്തെ അനൗപചാരിക ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും സുധീരന്‍ പറഞ്ഞു. ആര്‍എസ്പിക്ക് സീറ്റ് നല്‍കിയ സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും ആര്‍എസ്പിക്ക് കൊല്ലം സീറ്റ് വിട്ടുനല്‍കിയപ്പോള്‍ പ്രതിഷേധം ഉണ്ടായില്ലെന്നും സുധീരന്‍ വ്യക്തമാക്കി.

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ ഒഴിവാക്കാനുള്ള ഗൂഢലക്ഷ്യത്തിന്റെ ഭാഗമായാണ് കോണ്‍ഗ്രസിന് അവകാശപ്പെട്ട രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതെന്ന് സുധീരന്‍ ആരോപിച്ചു. മുന്നണി ശക്തിപ്പെടുകയല്ല, ദുര്‍ബലപ്പെടുകയാണുണ്ടായത്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം പാളിപ്പോയി. ഗ്രൂപ്പ് അതിപ്രസരം കോണ്‍ഗ്രസിന് ശാപമാണ്. തെറ്റുകള്‍ ചൂണ്ടിക്കാട്ടുകയെന്നത് ഉത്തരവാദിത്തമാണെന്നും സുധീരന്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ ഈ പാളിയ തീരുമാനം കൊണ്ട് യു.പി.എയ്ക്ക് കനത്ത ആഘാതമാണ് ഉണ്ടാകാന്‍ പോകുന്നത്. കോണ്‍ഗ്രസിനും യു.പി.എയ്ക്കും ഉണ്ടാകുന്ന നഷ്ടം ഗൗരവമായി കണക്കിലെടുത്ത് കേരളാ കോണ്‍ഗ്രസ് പുനരാലോചന നടത്തണമെന്നും സുധീരന്‍ പറഞ്ഞു. രണ്ട് വര്‍ഷം മുന്‍പ് മാണി യു.ഡി.എഫ് വിടുമ്പോള്‍ കോണ്‍ഗ്രസിനു നേരെ ഉന്നയിച്ച ആക്ഷേപങ്ങളില്‍ ഇപ്പോള്‍ മാണിയുടെ നിലപാട് അറിയാന്‍ ആഗ്രഹമുണ്ട്. ആരോപണങ്ങള്‍ ഇപ്പോള്‍ പിന്‍വലിക്കുന്നുണ്ടെങ്കില്‍ മാണി ഖേദം പ്രകടിപ്പിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

Top