ഇടുക്കിയിലും മുല്ലപ്പെരിയാറിലും ആശങ്കയുടെ സാഹചര്യമില്ല: മന്ത്രി റോഷി അഗസ്റ്റിന്‍

തിരുവനന്തപുരം: തീവ്രമഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി- മുല്ലപ്പെരിയാർ അണക്കെട്ടുകളിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. മുല്ലപ്പെരിയാറിൽ ജലവിഭവ വകുപ്പ് അതീവ ജാഗ്രത പുലർത്തുന്നുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിൽ നിലവിൽ 134.75 അടി ജലമാണുള്ളത്. ഇന്നത്തെ റൂൾ കർവ് 137.15 അടിയാണ്. ഓഗസ്റ്റ് 10 ന് ഇത് 137.5 അടിയായി ഉയരും. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഓരോ മണിക്കൂർ ഇടവിട്ട് ജലനിരപ്പ് പരിശോധിക്കുന്നുണ്ട്. ഒറ്റ ദിവസം തന്നെ ജലനിരപ്പ് 2-3 അടി ഉയരാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പുലർത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പെരിയാറിന്റെ തീരപ്രദേശത്തുള്ളവർക്ക് ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.

ഇടുക്കിയിൽ 2374.52 അടിയാണ് ജലനിരപ്പ്. അണക്കെട്ടിന്റെ ആകെ സംഭരണ ശേഷിയുടെ 75 ശതമാനം മാത്രമാണ് ഇപ്പോൾ വെള്ളം ഉള്ളത്. വൃഷ്ടി പ്രദേശത്ത് കാര്യമായ മഴയില്ല. എങ്കിലും കൃത്യമായ അവലോകം നടത്തി റിപ്പോർട്ട് നൽകണമെന്ന് ബന്ധപ്പെട്ട ഉദ്യേഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. ജലവിഭവ വകുപ്പിന് കീഴിലുള്ള ഡാമുകളിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ജലനിരപ്പ് കൃത്യമായ ഇടവേളകളിൽ നിരീക്ഷിച്ച് നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. മഴ തീവ്രമാകുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിൽ ആവശ്യമെങ്കിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) കൂടുതൽ സംഘങ്ങളെ ആവശ്യപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.

Top