ആരുടെയും വിശ്വാസത്തെ എതിര്‍ക്കാന്‍ ശ്രമിച്ചിട്ടില്ല; അന്നപൂരണി വിവാദത്തില്‍ മാപ്പ് പറഞ്ഞ് നയന്‍താര

ന്നപൂരണി എന്ന സിനിമയുടെ വിവാദത്തില്‍ മാപ്പ് പറഞ്ഞ് നയന്‍താര. ചിത്രത്തിലൂടെ ആരുടെയും വിശ്വാസത്തെ എതിര്‍ക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് താരം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. ജയ് ശ്രീരാം എന്ന് രേഖപ്പെടുതിതുയാണ് കുറിപ്പ് തുടങ്ങുന്നത്. പ്രചോദനമാകുന്ന നല്ല കാര്യങ്ങള്‍ പറയാന്‍ മാത്രമാണ് ചിത്രത്തിലൂടെ ശ്രമിച്ചത്. ഇത് ആര്‍ക്കെങ്കിലും ബുദ്ധിമുട്ടാക്കായെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു. ഹൈന്ദവ സംഘടനകളുടെ പരാതിയെ തുടര്‍ന്ന് സിനിമ ഒടിടിയില്‍ നിന്ന് കഴിഞ്ഞ ദിവസം സിനിമ നീക്കം ചെയ്തിരുന്നു. ചിത്രത്തില്‍ മതവികാരം വ്രണപ്പെടുത്തുന്ന രംഗങ്ങളുണ്ടെന്ന് ആരോപിച്ച് ഹിന്ദു വലതുപക്ഷ സംഘടനകള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നെറ്റ്ഫ്‌ലിക്‌സില്‍ നിന്ന് സിനിമ പിന്‍വലിച്ചത്. സിനിമയുടെ നിര്‍മ്മാതാക്കളായ ‘സീ സ്റ്റുഡിയോ’ വിശ്വഹിന്ദു പരിഷത്തിന് ക്ഷമാപണ കത്തും നല്‍കിയിട്ടുണ്ട്.

ജനുവരി 8 ന് നയന്‍താര, ജയ്, എഴുത്തുകാരനും സംവിധായകനുമായ നിലേഷ് കൃഷ്ണ, നിര്‍മ്മാതാക്കളായ ജതിന്‍ സേത്തി, ആര്‍ രവീന്ദ്രന്‍, പുനിത് ഗോയങ്ക, സീ സ്റ്റുഡിയോയുടെ ചീഫ് ബിസിനസ് ഓഫീസര്‍ ഷാരിഖ് പട്ടേല്‍, നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യ മേധാവി മോണിക്ക ഷെര്‍ഗില്‍ എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരുന്നു. ഹിന്ദു ഐടി സെല്ലിന്റെ സ്ഥാപകന്‍ രമേഷ് സോളങ്കി എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുംബൈയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഹൈന്ദവ വികാരം വ്രണപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയെന്നായിരുന്നു പരാതി. ഒരു ബ്രാഹ്‌മണ കുടുംബത്തില്‍ ജനിച്ച പെണ്‍കുട്ടി (നയന്‍താര) ലോകത്തിലെ ഏറ്റവും മികച്ച ഷെഫ് ആയി മാറുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. മാംസം കഴിക്കാനും പാകം ചെയ്യാനുമുള്ള നായികയുടെ തീരുമാനവും, മുസ്ലീം കഥാപാത്രവുമായുള്ള (ജയ്) സൗഹൃദവും ഹിന്ദു ദൈവമായ രാമന്‍ മാംസം കഴിച്ചുവെന്ന് സൂചിപ്പിക്കുന്ന സംഭാഷണവും ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തിയെന്നായിരുന്നു ആരോപണം. ഡിസംബര്‍ 29 നാണ് ‘അന്നപൂര്‍ണി’ നെറ്റ്ഫ്‌ലിക്‌സ് സംപ്രേഷണം ചെയ്യാന്‍ ആരംഭിച്ചത്. ഡിസംബര്‍ ഒന്നിനായിരുന്നു ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്തത്.

Top