വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യാതൊരു സഖ്യധാരണയുമില്ല; ഉമ്മന്‍ചാണ്ടി

കാസര്‍കോട്: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫിന് യാതൊരു സഖ്യധാരണയുമില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധത്തില്‍ പാര്‍ട്ടിയിലോ മുന്നണിയിലോ യാതൊരു ആശയക്കുഴപ്പമില്ല. മുന്നണിയുടെ ഭാഗമായി ഘടകക്ഷികളുമായി മാത്രമാണ് ധാരണയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

തദ്ദേശ സ്ഥാപനങ്ങളോട് ഇടതുമുന്നണി കടുത്ത അവഗണനയാണ് കഴിഞ്ഞ അഞ്ച് വര്‍ഷം കാണിച്ചിട്ടുള്ളത്. ഫണ്ട് വെട്ടിക്കുറച്ചു. പ്രളയവും കൊവിഡും വന്നപ്പോള്‍ എല്ലാം ചെയ്ത് തീര്‍ക്കാനുള്ള നിര്‍ദ്ദേശം മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. സര്‍ക്കാര്‍ ചെയ്യേണ്ട സാമ്പത്തിക സഹായവും നല്‍കിയിട്ടില്ല. പദ്ധതി ചെലവ് പോലും നാല്‍പത് ശതമാനത്തില്‍ താഴെയാണ്.

തെരഞ്ഞെടുപ്പില്‍ മറ്റ് രാഷ്ട്രീയ പ്രശ്‌നങ്ങളും സ്വാഭാവികമായും ചര്‍ച്ച ചെയ്യപ്പെടും. കേന്ദ്ര സമീപനവും തെരഞ്ഞെടുപ്പ് ചര്‍ച്ചയാകും. കര്‍ഷക നിയമം കര്‍ഷകര്‍ക്ക് വേണ്ടിയുള്ളതാണെന്ന് കര്‍ഷകരെ ധരിപ്പിക്കാന്‍ പോലും കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Top