യുപിയില്‍ നടക്കുന്നത് നാഥുറാം രാജ്; ആരോപണവുമായി അഖിലേഷ് യാദവ്

akhilesh Yadav

ഝാന്‍സി: യുപിയിലെ ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശവുമായി സമാജ്വാദി പാര്‍ട്ടി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. സംസ്ഥാനത്ത് നടക്കുന്നത് നാഥുറാം രാജാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

അനധികൃത മണല്‍ ഖനനം ആരോപിച്ച് പോലീസ് ഏറ്റുമുട്ടലില്‍ വധിച്ച പുഷ്പേന്ദ്ര യാദവെന്ന യുവാവിന്റെ ബന്ധുക്കളെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ഗുരുതര ആരോപണവുമായി അഖിലേഷ് രംഗത്തെത്തിയത്.ഞായറാഴ്ചയാണ് യുവാവ് പോലീസിന്റെ വെടിയേറ്റു മരിച്ചത്. പോലീസ് സംഘത്തിനുനേരെ യുവാവ് വെടിയുതിര്‍ത്തുവെന്നാണ് ആരോപിക്കപ്പെടുന്നത്. എന്നാല്‍ പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന് കൈക്കൂലി നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് നടത്തിയ വ്യാജ ഏറ്റുമുട്ടലാണിതെന്ന് കൊല്ലപ്പെട്ട യുവാവിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു.

പോലീസിന്റെ വിശദീകരണത്തില്‍ നിരവധി പഴുതുകളുണ്ടെന്നാണ് ബന്ധുക്കളെ സന്ദര്‍ശിച്ചശേഷം അഖിലേഷ് യാദവ് ആരോപിക്കുന്നത്. പോലീസിന്റെയും ഭരണകൂടത്തിന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുന്നു. ആള്‍ക്കൂട്ട ആക്രമണങ്ങളും പോലീസ് ആക്രമണങ്ങളുമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും അഖിലേഷ് യാദവ് ആരോപിച്ചു.

Top