‘ട്രഷറിയില്‍ പണമുണ്ട്, ആവശ്യത്തിന് വാക്‌സിന്‍ സര്‍ക്കാര്‍ വാങ്ങും’-തോമസ് ഐസക്ക്

തിരുവനന്തപുരം: ട്രഷറിയില്‍ ആവശ്യത്തിന് പണമുണ്ടെന്നും സംസ്ഥാനത്തിന് ആവശ്യമായ വാക്‌സിന്‍ റെഡി ക്യാഷ് നല്‍കി വാങ്ങുമെന്നും ധനമന്ത്രി തോമസ് ഐസക്ക്. കേരളത്തില്‍ എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്നും തോമസ് ഐസക്ക് വ്യക്തമാക്കി. “ട്രഷറിയില്‍ ഇപ്പോള്‍ ക്യാഷ് ബാലന്‍സ് അഥവാ മിച്ചം 3000 കോടി രൂപയാണ്. ആവശ്യമായ വാക്‌സിന്‍ റെഡ്ഡി ക്യാഷ് നല്‍കി വാങ്ങാനുള്ള പണം സര്‍ക്കാരിന്റെ പക്കലുണ്ട്.” – ഐസക് പറഞ്ഞു. വാക്‌സിന്‍ ചലഞ്ചുമായി ബന്ധപ്പെട്ട ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

“ആവശ്യമായ വാക്‌സിന്‍ റെഡ്ഡി ക്യാഷ് നല്‍കി വാങ്ങാനുള്ള പണം സര്‍ക്കാരിന്റെ പക്കലുണ്ട്. പക്ഷെ മരുന്നു വാങ്ങുന്നതിനു ചില നടപടി ക്രമങ്ങളുണ്ട്. അവ പൂര്‍ത്തീകരിച്ച് കേരളത്തില്‍ എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കുന്നതിന് സെക്രട്ടറിമാരുടെ കമ്മിറ്റിയെ നിയോഗിച്ചതായി മുഖ്യമന്ത്രിയും പ്രഖ്യാപിച്ചിട്ടുണ്ട്. നമ്മുടെ ബജറ്റിന്റെ മൊത്തം ചെലവ് 1.60 ലക്ഷം കോടി രൂപയാണ്. അതില്‍ ഏതെങ്കിലും ഇനത്തില്‍ പണം കുറവുവരുത്തണം. അല്ലെങ്കില്‍ അധിക വരുമാനം കണ്ടെത്തണം.

കോവിഡ് കാലത്ത് വരുമാനം കൂടാനല്ല, കുറയാനാണ് പോകുന്നത്. ഇതു തിരിച്ചറിഞ്ഞ ഒരുപാട് സാധാരണക്കാര്‍ ഈ ആപത്ഘട്ടത്തില്‍ പ്രളയകാലത്തെന്നപോലെ നമ്മുടെ സ്വയം രക്ഷയ്ക്ക് സര്‍ക്കാരിനോടൊപ്പം ചേര്‍ന്നു നില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. കഴിഞ്ഞ തവണത്തെപ്പോലെ അഭ്യര്‍ത്ഥന നടത്താതെ തന്നെ സഹായ ഹസ്തമായി സാധാരണക്കാര്‍ മുന്നോട്ടുവന്നതാണ് വാക്‌സിന്‍ ചലഞ്ചിന്റെ പ്രത്യേകത.”തോമസ് ഐസക്ക് വ്യക്തമാക്കി.

Top