ഉച്ചഭക്ഷണ പദ്ധതിയില്‍ അര്‍ഹതപ്പെട്ട കേന്ദ്രവിഹിതം അനുവദിക്കുന്നതില്‍ കാലതാമസം ഉണ്ട്; വി ശിവന്‍കുട്ടി

തിരുവനന്തപുരം: ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ഫണ്ട് വിതരണത്തിലെ പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്രം തന്നെയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഉച്ചഭക്ഷണ പദ്ധതി ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതിയായാണ് നടപ്പിലാക്കപ്പെടുന്നത്. ചട്ടങ്ങള്‍ പ്രകാരം, പദ്ധതി നടത്തിപ്പിന് ആവശ്യമായ ഭക്ഷ്യധാന്യവും നടത്തിപ്പ് ചെലവിന്റെ 60 ശതമാനവും സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. എന്നാല്‍, പദ്ധതിയില്‍ പബ്ലിക് ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ് സിസ്റ്റം നിര്‍ബന്ധമാക്കിയ 2021-22 വര്‍ഷം മുതല്‍ സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട കേന്ദ്രവിഹിതം അനുവദിക്കുന്നതില്‍ വലിയ കാലതാമസമാണ് കേന്ദ്രസര്‍ക്കാര്‍ വരുത്തുന്നതെന്ന് വി ശിവന്‍കുട്ടി പറഞ്ഞു.

ഉച്ചഭക്ഷണ ഫണ്ട് വിതരണം സംബന്ധിച്ച ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കും. മറ്റു സംസ്ഥാനങ്ങളെക്കാള്‍ മികച്ച രീതിയില്‍ ആണ് കേരളത്തില്‍ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുന്നത്. അതിനുള്ള പ്രധാനകാരണം അധ്യാപകരുടെയും സ്‌കൂള്‍ അധികൃതരുടെയും പൊതു സമൂഹത്തിന്റെ തന്നെയുമുള്ള പിന്തുണയാണ് എന്നും മന്ത്രി പറഞ്ഞു.

ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ഒരു അധ്യാപകനും വ്യക്തിപരമായ സാമ്പത്തിക നഷ്ടം ഉണ്ടാകില്ല എന്ന് ഉറപ്പാക്കാന്‍ വേണ്ട നടപടി കൈക്കൊള്ളും. ഈ വിഷയവുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തു. മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ട് സംബന്ധിച്ച് പരിശോധന നടത്തി അധ്യാപകര്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസ് എസ്. ഐ എ എസിനെ ചുമതലപ്പെടുത്തിയെന്നും വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

Top