കേരളത്തിനെതിരെ മലപ്പുറത്തിന്റെ പേരെടുത്ത് പറഞ്ഞ് സംഘടിത പ്രചാരണം നടക്കുന്നു

തിരുവനന്തപുരം: ഒരു മിണ്ടാപ്രാണിയുടെ മരണം പ്രത്യേകിച്ച് ഗര്‍ഭാവസ്ഥയില്‍ വേദനയുളവാക്കുന്നതാണ്. എന്നാല്‍ കേരളത്തിനെതിരെ, പ്രത്യേകിച്ച് മലപ്പുറത്തിന്റെ പേരെടുത്ത് പറഞ്ഞ് സംഘടിതമായ പ്രചാരണം നടക്കുകയാണെന്ന്മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് മണ്ണാര്‍കാടാണ് ആന ചരിഞ്ഞത്. കേന്ദ്ര മന്ത്രിയടക്കമുള്ളവര്‍ വസ്തുതാ വിരുദ്ധമായ ക്യാമ്പയിനാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തെയും മലപ്പുറത്തെയും അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമം. ഇത് ശരിയായ രീതിയല്ല. കേരളത്തിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാനുള്ള ശ്രമങ്ങള്‍ അംഗീകരിക്കാനാവില്ല. മനുഷ്യനും മൃഗങ്ങളും വൃക്ഷങ്ങളും ജലാശയങ്ങളും എല്ലാം ചേര്‍ന്നതാണ് പ്രകൃതി. അതിന്റെ സന്തുലിതാവസ്ഥ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം കുറയ്ക്കാന്‍ എന്ത് ചെയ്യാനാകുമെന്ന് പരിശോധിക്കും.

എന്നാല്‍, കൊവിഡ് 19 നേരിടുന്നതില്‍ കാണിച്ച പ്രതിരോധത്തിന് കേരളത്തിന് ലഭിച്ച ഖ്യാതിയെ ഇല്ലാതാക്കി കളയാമെന്നും വിദ്വേഷം പടര്‍ത്താമെന്നും ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് വ്യാമോഹമാണെന്നാണ് പറയാനുള്ളത്. തെറ്റിദ്ധാരണയുടെ ഭാഗമായി പറഞ്ഞതാണെങ്കില്‍ മേനകാ ഗാന്ധി തിരുത്തുമായിരുന്നു. തിരുത്താന്‍ തയാറാകാതിരിക്കുന്നത് ബോധപൂര്‍വ്വം പറഞ്ഞതാണ് എന്നാണ് കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ, സ്‌ഫോടകവസ്തു കടിച്ച് കാട്ടാന ചരിഞ്ഞ സംഭവത്തില്‍ ജില്ലയുടെ പേരെടുത്ത് പറഞ്ഞ് നടത്തുന്ന വര്‍ഗ്ഗീയ പ്രചാരണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് വന്നിരുന്നു.

Top