കേന്ദ്രത്തിനെതിരായ സമരത്തെ ചൊല്ലി നിയമസഭയിലും ഭരണ പ്രതിപക്ഷ വാക് പോര്

തിരുവനന്തപുരം: കേന്ദ്രത്തിനെതിരായ സമരത്തെ ചൊല്ലി നിയമസഭയിലും ഭരണ പ്രതിപക്ഷ വാക് പോര്. കേന്ദ്ര ഏജന്‍സിയെ ഭയന്ന് സമരം സമ്മേളനമാക്കി മാറ്റിയെന്നും, ലോകത്തില്‍ ആദ്യമായി കടമെടുക്കാന്‍ നടത്തുന്ന സമരമെന്നുമായിരുന്നു പ്രതിപക്ഷ വിമര്‍ശനം. ഫെഡറലിസം സംരക്ഷിക്കാനുള്ള പോരാട്ടമെന്നായിരുന്നു ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ മറുപടി. സമരത്തില്‍ യുഡിഎഫ് അണിചേരുമെന്ന പ്രതീക്ഷയും ധനമന്ത്രി സഭയില്‍ പങ്കുവച്ചു. രണ്ട് വര്‍ഷം കൊണ്ട് 24000 കോടിയോളം അധികമായി പിരിച്ചു. സംസ്ഥാനത്തിന് അര്‍ഹമായ പണം വെട്ടി കുറക്കാനാണ് ശ്രമമെന്നും ധനമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ചോദ്യങ്ങളാണ് ഡല്‍ഹി സമരത്തിന്റെ പേരിലുള്ള ഭരണ പ്രതിപക്ഷ തര്‍ക്കത്തിലേക്ക് നീങ്ങിയത്. ധനകാര്യ മാനേജ്‌മെന്റിലെ പിഴവും, ധൂര്‍ത്ത് മൂലവും കേരളത്തെ കടക്കെണിയിലാക്കിയ ശേഷമാണ് ഡല്‍ഹി സമരമെന്ന് ആരോപിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമര്‍ശനങ്ങള്‍ക്ക് തുടക്കമിട്ടത്. കേന്ദ്ര ഏജന്‍സിയെ ഭയന്ന് സമരം സമ്മേളനമാക്കി മാറ്റിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വേണ്ടത്ര നികുതി പിരിക്കാന്‍ കഴിയുന്നില്ല. സമരം സമ്മേളനം ആക്കി മാറ്റി. സായിപ്പിനെ കണ്ടപ്പോള്‍ കവാത്ത് മറന്നുവെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു. ഇഡി വന്നപ്പോള്‍ സമരം സമ്മേളനമാക്കി മാറ്റി. ധനകാര്യ മാനേജ്‌മെന്റില്‍ പിഴവ്, ധൂര്‍ത്ത് എന്നിവ കേരളത്തെ കടക്കെണിയിലാക്കി. ജിഎസ്ടി നിയമത്തെ ബിജെപിയും കോണ്‍ഗ്രസും ഒരുമിച്ച് വോട്ട് ചെയ്ത് പാസാക്കിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

നര്‍മ്മം കലര്‍ത്തിയ വിമര്‍ശനങ്ങളായിരുന്നു മുസ്ലിം ലീഗ് എംഎല്‍എമാരായ പി കെ ബഷീറും എന്‍ എ നെല്ലിക്കുന്നും ഉന്നയിച്ചത്. ലോകത്തില്‍ ആദ്യമായി കടമെടുക്കാന്‍ നടത്തുന്ന സമരമെന്നായിരുന്നു ലീഗ് എംഎല്‍എ പി കെ ബഷീറിന്റെ പരിഹാസം. എന്ത് ചോദിച്ചാലും കേന്ദ്രം തരട്ടെ കേന്ദ്രം തരട്ടെയെന്നാണ് പറയുന്നത്. തള്ളകോഴി കുഞ്ഞി കോഴികളോട് പറയും പോലെ കേന്ദ്രം നല്‍കിയിട്ട് സംസ്ഥാനം നന്നകുമെന്ന് കരുതുന്നുണ്ടോയെന്ന് നെല്ലിക്കുന്നം ചോദിച്ചു.

കേന്ദ്ര വിഹിതം കുറച്ചതിനെ ന്യായീകരിച്ചവര്‍ സഭയിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ വിമര്‍ശനങ്ങളെ ധനമന്ത്രി നേരിട്ടത്. സമരം ഫെഡറലിസം സംരക്ഷിക്കാനാണ്. യുഡിഎഫ് സമരത്തില്‍ പങ്കുചേരുമെന്ന് ഇപ്പോഴും പ്രതീക്ഷിക്കുന്നതായും ധനമന്ത്രി പറഞ്ഞു. പേരിന്റെ കാര്യത്തിലാണ് കോണ്‍ഗ്രസിന് സംശയം എങ്കില്‍ നിങ്ങളോട് കൂടി ആലോചിച്ച് ഇടാമെന്നും മന്ത്രി പറഞ്ഞു.

Top