കണ്ണൂരിലും പാലക്കാടിന് സമാനമായ സംഘര്‍ഷത്തിന് സാധ്യതയെന്ന് പൊലീസ് റിപ്പോര്‍ട്ട്

കണ്ണൂർ: പാലക്കാടിന് സമാനമായി കണ്ണൂരിലും എസ്ഡിപിഐ- ആർഎസ്എസ് സംഘർഷത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. കണ്ണവത്ത് കൊല്ലപ്പെട്ട എസ്ഡിപിഐ പ്രവർത്തകൻ സലാഹുദ്ദിന്റെ സഹോദരങ്ങളിൽ നിന്ന് പ്രതികളായ ആർഎസ്എസ് പ്രവർത്തകർക്ക് ഭീഷണിയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം സലാഹുദ്ദിന്റെ സഹോദരന് ആർഎസ്എസ് പ്രവർത്തകരിൽ നിന്ന് ഭീഷണി നിലനിൽക്കുന്നുവെന്നും റിപ്പോർട്ടിലുണ്ട്. സാമൂഹികമാധ്യമങ്ങളിലടക്കം തെറ്റായ പ്രചാരണങ്ങൾ നടക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

2018ലാണ് കണ്ണവത്ത് എബിവിപി പ്രവർത്തകനായ ശ്യാമപ്രസാദ് കൊല്ലപ്പെട്ടത്. 2020ൽ എസ്ഡിപിഐ. പ്രവർത്തകനായ സലാഹുദ്ദീനും കൊല്ലപ്പെട്ടു. സലാഹുദ്ദീൻ വധക്കേസിലെ പ്രതികളായ ആർഎസ്എസ് പ്രവർത്തകരായ അശ്വിൻ, റിഷിൽ, അമൽരാജ് എന്നിവർക്ക് എസ്ഡിപിഐ പ്രവർത്തകരിൽനിന്നും സലാഹുദ്ദീന്റെ സഹോദരങ്ങളിൽനിന്നും ഭീഷണിയുണ്ടെന്നും പ്രതികാരത്തിനായി കാത്തിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതേരീതിയിലുള്ള ഭീഷണി സലാഹുദ്ദീന്റെ സഹോദരൻ നിസാമുദ്ദീന് നേരേയുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

പാലക്കാട്ടെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ കണ്ണൂർ ജില്ലയിലും ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും കണ്ണൂർ റൂറൽ എസ്പിയുടെ റിപ്പോർട്ടിലുണ്ട്.

Top