ഓസീസ് ഇലവനില്‍ ചെന്നൈയില്‍ നിര്‍ണായക മാറ്റത്തിന് സാധ്യത

ചെന്നൈ: ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ നിർണായക മൂന്നാം മത്സരമാണ് നാളെ. ചെന്നൈയിലെ ചെപ്പോക്കില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക. ഇരു ടീമും ചെന്നൈയിലെത്തി. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയും രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയയും ജയിച്ചപ്പോള്‍ നാളെ വിജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം. ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കുകയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം. ഇതേസമയം മുന്‍ പര്യടനത്തിലെ വിജയം ആവര്‍ത്തിക്കുകയാണ് ഓസീസ് ലക്ഷ്യമിടുന്നത്.

വിശാഖപട്ടണത്ത് നടന്ന രണ്ടാം ഏകദിനത്തില്‍ 10 വിക്കറ്റിന്റെ ത്രില്ലര്‍ വിജയം നേടിയതിന്റെ ആത്മവിശ്വാസമുണ്ട് ഓസീസ് നിരയ്‌ക്ക്. മത്സരത്തിന് മുമ്പ് പരിക്ക് ആശങ്കകളൊന്നും ടീമിനില്ല. അതിനാല്‍ കാര്യമായ മാറ്റം പ്ലേയിംഗ് ഇലവനില്‍ പ്രതീക്ഷിക്കാനാവില്ല. പേസ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിന് പകരം സ്‌പിന്നര്‍ ആഷ്‌ടണ്‍ അഗറിന് അവസരം നല്‍കണമോ എന്നത് മാത്രമാണ് നായകന്‍ സ്റ്റീവ് സ്‌മിത്തിന് മുന്നിലുള്ള ചോദ്യം. ഡേവിഡ് വാര്‍ണര്‍ ഒരിക്കല്‍ക്കൂടി പുറത്തിരിക്കുമ്പോള്‍ മിച്ചല്‍ മാര്‍ഷ്-ട്രാവിസ് ഹെഡ് വിജയ ജോഡിയെ ഓപ്പണിംഗില്‍ ഓസ്‌ട്രേലിയ നിലനിര്‍ത്തും. വിശാഖപട്ടണത്ത് ഹെഡ് 30 പന്തില്‍ 51* ഉം മാര്‍ഷ് 36 പന്തില്‍ 66* ഉം റണ്‍സ് നേടിയിരുന്നു.

മൂന്നാം നമ്പറില്‍ നായകന്‍ സ്റ്റീവന്‍ സ്‌മിത്തും നാലാമനായി മാര്‍നസ് ലബുഷെയ്‌നും തുടരുമ്പോള്‍ പേസ് ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസും സ്ഥാനം നിലനിര്‍ത്തും. വിക്കറ്റ് കീപ്പറായി അലക്‌സ് ക്യാരി തിരിച്ചെത്തിയത് ടീമിന് ആശ്വാസമാണ്. കാമറൂണ്‍ ഗ്രീന്‍ വേണോ ആഷ്‌ടണ്‍ അഗര്‍ വേണോ എന്ന കാര്യത്തില്‍ ഓസീസിന് ആശയക്കുഴപ്പം നിലനില്‍ക്കുന്നു. ചെന്നൈയിലെ പിച്ച് പൊതുവെ സ്‌പിന്നിന് അനുകൂലമായതിനാല്‍ അഗറിനെ കളിപ്പിക്കാനാണ് കൂടുതല്‍ സാധ്യത. വിശാഖപട്ടണത്ത് അഞ്ച് പേരെ പുറത്താക്കിയ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ മിന്നും ഫോം തുണയാകുമ്പോള്‍ നേഥന്‍ എല്ലിസ്, ആദാം സാംപ, ഷോണ്‍ അബോട്ട് എന്നിവരായിരിക്കും പ്ലേയിംഗ് ഇലവനില്‍ വരാനിടയുള്ള മറ്റ് ബൗളര്‍മാര്‍.

ഓസീസ് സാധ്യതാ ഇലവന്‍: മിച്ചല്‍ മാര്‍ഷ്, ട്രാവിസ് ഹെഡ്, സ്റ്റീവന്‍ സ്‌മിത്ത്(ക്യാപ്റ്റന്‍), മാര്‍നസ് ലബുഷെയ്‌ന്‍, മാര്‍ക്കസ് സ്റ്റോയിനിസ്, അലക്‌സ് ക്യാരി(വിക്കറ്റ് കീപ്പര്‍), കാമറൂണ്‍ ഗ്രീന്‍/ആഷ്‌ടണ്‍ അഗര്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, നേഥന്‍ എല്ലിസ്, ആദം സാംപ, ഷോണ്‍ അബോട്ട്.

Top