പാകിസ്താനില്‍ ലാമിനേഷന്‍ പേപ്പറുകള്‍ക്ക് വന്‍ ക്ഷാമം; പാസ്പോര്‍ട്ട് നിര്‍മ്മാണം പ്രതിസന്ധിയിലായതായി റിപ്പോര്‍ട്ട്

ഇസ്ലാമാബാദ്: പാകിസ്താനില്‍ ലാമിനേഷന്‍ പേപ്പറുകള്‍ക്ക് വന്‍ ക്ഷാമം നേരിട്ടതിനെ തുടര്‍ന്ന് പാസ്പോര്‍ട്ട് നിര്‍മ്മാണം പ്രതിസന്ധിയിലായതായി റിപ്പോര്‍ട്ട്. പാസ്പോര്‍ട്ട് നിര്‍മ്മിക്കുന്നതിനാവശ്യമായ ലാമിനേഷന്‍ പേപ്പറുകള്‍ ഇല്ലാത്തതിനാല്‍ പ്രിന്റിങ് നിര്‍ത്തിവെച്ചു. ഇതോടെ പഠനത്തിനും ജോലിക്കും മറ്റാവശ്യങ്ങള്‍ക്കുമായി വിദേശത്തേക്ക് പോകാന്‍ കഴിയാതെ നിരവധിപേര്‍ കഷ്ടപ്പെടുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഫ്രാന്‍സില്‍ നിന്നാണ് ലാമിനേഷന്‍ പേപ്പറുകള്‍ പാകിസ്താനിലേക്ക് ഇറക്കുമതി ചെയ്തിരുന്നത്. പാകിസ്താനിലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 2013ലും സമാനസ്ഥിതി ഉണ്ടായിരുന്നു. അതേസമയം, പ്രതിസന്ധി എത്രയും പെട്ടെന്ന് പരിഹരിക്കാമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്ഥിതിഗതികള്‍ ഉടന്‍ നിയന്ത്രണ വിധേയമാകുമെന്നും പാസ്പോര്‍ട്ട് വിതരണം സാധാരണ നിലയില്‍ തന്നെ തുടരാനാകുമെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ വക്താവ് അറിയിച്ചു.

പാസ്പോര്‍ട്ട് ക്ഷാമത്തില്‍ അധികൃതര്‍ക്ക് കൃത്യമായ മറുപടിയില്ലാത്തതില്‍ വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ ആശങ്കയിലാണ്. സാമ്പത്തിക പ്രതിസന്ധിയും മറ്റും കാരണം പാക് വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിനായി യുകെ, ഇറ്റലി പോലുള്ള വിദേശരാജ്യങ്ങളിലേക്ക് പോവുന്നത് സാധാരണമാണ്. വിദേശത്തേക്ക് എത്താന്‍ വൈകുന്നത് കുട്ടികളുടെ ഭാവിയെ തന്നെ സാരമായി ബാധിക്കുമെന്നത് പലരെയും ആശങ്കയിലാഴ്ത്തുന്നുണ്ട്.

 

Top