ആർക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥ വന്നാൽ, മോദിക്ക് എതിരിയായി സ്റ്റാലിനും സാധ്യത ഏറെ . . .

ടുത്ത ലോകസഭ തിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത ഒരു തൂക്കുസഭയാണ് ഉണ്ടാക്കുന്നതെങ്കിൽ പ്രധാനമന്ത്രി പദത്തിനായി അതുവരെ ചിത്രത്തിൽ ഇല്ലാത്തവരും ഉയർത്തിക്കാട്ടപ്പെടും. അക്കാര്യത്തിൽ ഒരു സംശയവും ഉണ്ടാവേണ്ടതില്ല. നരേന്ദ്രമോദി പ്രധാനമന്ത്രി പദത്തിൽ മൂന്നാം ഊഴം ലക്ഷ്യമിടുമ്പോൾ പ്രതിപക്ഷത്ത് ആ പദവി ആഗ്രഹിക്കുന്നവർ അര ഡസനോളം പേരാണ്. അതിൽ പ്രമുഖൻ കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധിയാണ്. തൊട്ടു പിന്നാലെ ഈ മോഹവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു, ശരദ് പവാർ എന്നിവരാണ് ഉള്ളത്. ഈ ലിസ്റ്റിൽ ഉൾപ്പെടാത്ത തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും പ്രധാനമന്ത്രി പദത്തിൽ ഒരു കണ്ണുണ്ട്.

കോൺഗ്രസ്സ് കഴിഞ്ഞാൽ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടാൻ സാധ്യത ഡി.എം.കെയും തൃണമൂൽ കോൺഗ്രസ്സുമാണ്. അതു കൊണ്ട് തന്നെ പ്രതിപക്ഷത്തിന് സർക്കാർ ഉണ്ടാക്കാൻ സാധ്യത വന്നാൽ രാഹുൽ ഗാന്ധി കഴിഞ്ഞാൽ പിന്നെ എം.കെ സ്റ്റാലിന്റെയും മമത ബാൻജിയുടെയും പേരിനാണ് മുൻതൂക്കം ലഭിക്കുക. ഇതിൽ മമത ബാനർജിക്ക് ലഭിക്കുന്നതിനേക്കാൾ അംഗങ്ങളുടെ പിന്തുണ എം.കെ സ്റ്റാലിന് ലഭിക്കാനാണ് സാധ്യത. ഇടതുപക്ഷം 30സീറ്റെങ്കിലും നേടുകയും ഡി.എം.കെ തമിഴ് നാട്ടിലെ ആകെയുള്ള 39 സീറ്റുകളിൽ ബഹുഭൂരിപക്ഷവും തൂത്ത് വാരുകയും ചെയ്താൽ സ്റ്റാലിനാകും താരമാകുക. ഇത്തരമൊരു സാഹചര്യത്തിൽ മമതയും കെജരിവാളും ഉൾപ്പെടെ മറ്റാരെ പിന്തുണയ്ക്കുന്നതിനേക്കാളും സ്റ്റാലിനെ പിന്തുണയ്ക്കാനാണ് കോൺഗ്രസ്സം ആഗ്രഹിക്കുക. നിലവിൽ ഡി.എം.കെ യു.പി.എയുടെ ഭാഗമായതിനാൽ അതിന് മറ്റു തടസ്സങ്ങളും ഉണ്ടാകുകയില്ല.

ദക്ഷിണേന്ത്യയിൽ നിന്നും ഒരു പ്രധാനമന്ത്രി എന്ന നിർദ്ദേശത്തെ എതിർക്കാൻ ആന്ധ്ര – തെലങ്കാന മുഖ്യമന്ത്രിമാർക്കും കഴിയുകയില്ല. ഇത്തരമൊരു സാധ്യത സ്റ്റാലിന്റെ എതിരാളികളും മുന്നിൽ കാണുന്നുണ്ട്. അതു കൊണ്ടാണ് ഹിന്ദി വിരുദ്ധനെന്ന പ്രചരണം ഇപ്പോഴെ അഴിച്ചു വീട്ടിരിക്കുന്നത്. മറുനാടൻ തൊഴിലാളികൾക്ക് തമിഴകത്ത് നിലനിൽപ്പില്ലന്ന വ്യാജ പ്രചരണമാണ് വ്യാപകമായി നടത്തിയിരിക്കുന്നത്. ഉത്തരേന്ത്യയിൽ നിന്നും സോഷ്യൽ മീഡിയ വഴി വന്ന ഈ പ്രചരണത്തിനെതിരെ ശക്തമായ നടപടികളാണ് തമിഴ് നാട് സർക്കാറും സ്വീകരിച്ചു വരുന്നത്. സ്റ്റാലിൻ ഡൽഹിയിൽ ഡി.എം.കെയ്ക്ക് ഓഫീസ് തുറന്നത് ഒന്നും കാണാതെയല്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെയും നിഗമനം. ഇപ്പോൾ കളത്തിനു പുറത്തു നിൽക്കുന്ന സ്റ്റാലിൻ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കളത്തിലിറങ്ങി കളിക്കുമെന്ന് തന്നെയാണ് അവരുടെ വിലയിരുത്തൽ. തൂക്കുസഭയാണ് വരുന്നതെങ്കിൽ ഒരു സാധ്യതയും തള്ളിക്കളയാൻ കഴിയുകയില്ല.

“പ്രതിപക്ഷത്തെ ഒരുമിപ്പിക്കാൻ വോട്ടർമാരെ കൊണ്ട് സാധിക്കാത്തത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് സാധിച്ചുവെന്ന്” ഒരിക്കൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുകയുണ്ടായി. തെരഞ്ഞെടുപ്പ് പരാജയങ്ങൾ ഏറ്റുവാങ്ങിയിട്ടും അവർ ഒന്നിച്ചില്ല എന്നാൽ അഴിമതിക്കേസിൽ എല്ലാവരെയും ഇ.ഡി തേടിയെത്തിയപ്പോൾ അവർ ഐക്യപ്പെട്ടു എന്നാണ് ഫെബ്രുവരി എട്ടിന് മോദി പാർലമെന്റിൽ പറഞ്ഞത്. ഇതൊരു രാഷ്ട്രീയ സ്റ്റേറ്റ് മെന്റ് ആണെങ്കിലും പ്രതിപക്ഷം തിരഞ്ഞെടുപ്പിന് മുൻപ് തന്നെ യോജിക്കുമോ എന്ന ഭയം മോദിക്കുണ്ടെന്നത് വ്യക്തം. ലോക്സഭ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി നേതാക്കൾക്കെതിരെ കേന്ദ്രസർക്കാർ ഇ.ഡിയെയും സി.ബി.ഐയെയും ഉപയോഗിക്കുകയാണെന്നാണ് പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം ആരോപിക്കുന്നത്. ഡൽഹി ഉപമുഖ്യമന്ത്രിയെ ഇ.ഡി ജയിലിലടച്ചു കഴിഞ്ഞു.

ആർ.ജെ.ഡി നേതാവ് ലാലുവും കുടുംബവും, ബി.ആർ.എസ് നേതാവ് കെ ചന്ദ്രശേഖറാവുവിന്റെ മകൾ കവിതയും നിലവിൽ കേന്ദ്രസർക്കാരിന്റെ നോട്ടപ്പുള്ളികളാണ്. കേന്ദ്ര അന്വേഷണ ഏജൻസികളുടെ ദുരുപയോഗം തടയണമെന്നാവശ്യപ്പെട്ട് അടുത്തിടെ പ്രധാനമന്ത്രിക്ക് പ്രതിപക്ഷ നേതാക്കൾ ഒപ്പുവെച്ച കത്ത് അയച്ചിരുന്നെങ്കിലും അതൊന്നും തന്നെ കേന്ദ്ര സർക്കാർ മുഖവിലക്കെടുത്തിട്ടില്ല. മമത ബാനർജി, അരവിന്ദ് കെജ്രിവാൾ, ഭഗവന്ത് മാൻ, കെ. ചന്ദ്രശേഖര റാവു, ഫാറൂഖ് അബ്ദുല്ല, ശരദ്പവാർ, അഖിലേഷ് യാദവ്, തേജസ്വി യാദവ്, ഉദ്ധവ് താക്കറെ എന്നിവരാണ് ഈ കത്തിൽ ഒപ്പുവച്ചിരുന്നത്. രാഹുൽ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്തപോൾ കോൺഗ്രസ് പ്രവർത്തകർ ഒന്നടങ്കമാണ് തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നത്. കേരളത്തിലും ഇ.ഡി സംസ്ഥാന സർക്കാറിനെ പ്രതിക്കൂട്ടിൽ ആക്കുന്ന നീക്കവുമായാണ് മുന്നോട്ട് പോകുന്നത്. എന്നാൽ, ഈ ഭീഷണിക്ക് സി.പി.എമ്മും വഴങ്ങിയിട്ടില്ല. ഭയപ്പെടുത്തി ഭിന്നിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം വിലപ്പോവില്ലന്നാണ് പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി പറയുന്നത്. ബി.ജെ.പിയെ ആശങ്കപ്പെടുത്തുന്ന നീക്കമാണിത്.

EXPRESS KERALA VIEW

Top