കോണ്‍ഗ്രസ്സില്‍ പുതിയ ചേരി , സുധീരനൊപ്പം ബല്‍റാമും വേണുഗോപാലും പ്രതാപനും . . .

Congress

തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് വിഷയത്തില്‍ കോണ്‍ഗ്രസ്സിനുള്ളില്‍ ഭിന്നത രൂക്ഷമാകുന്നു.

സര്‍ക്കാരിനെ വെട്ടിലാക്കാന്‍ ലഭിച്ച സുവര്‍ണ്ണാവസരം ഒഴിവാക്കി ഭരണപക്ഷത്തോടൊപ്പം ചേര്‍ന്ന് ഓര്‍ഡിനന്‍സിനെ പിന്തുണച്ച നടപടിയാണ് യു.ഡി.എഫില്‍ പൊട്ടിത്തെറിക്ക് കാരണമായിരിക്കുന്നത്.

പ്രതിഷേധം മുഴുവന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടും കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സനോടുമാണ്. ഇരുവരും തല്‍സ്ഥാനത്ത് നിന്നും മാറി നില്‍ക്കണമെന്ന അഭിപ്രായം നേതാക്കള്‍ക്കിടയിലും പ്രവര്‍ത്തകര്‍ക്കിടയിലും ശക്തമായി കഴിഞ്ഞു.

വിഷയത്തില്‍ വി.ടി ബല്‍റാമിനെ പിന്തുണച്ച് രംഗത്ത് വന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി സംഭവം കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.

എ.കെ. ആന്റണിക്കും സമാന നിലപാട് തന്നെയാണ്. പാര്‍ട്ടി നിര്‍ദ്ദേശം ലംഘിച്ച വി.ടി.ബല്‍റാമിനെതിരെ ഒരു നടപടിയും പാര്‍ട്ടി തലത്തില്‍ സ്വീകരിക്കില്ലന്ന കാര്യവും ഇതോടെ ഉറപ്പായി.

വി.എം സുധീരന്‍ കൂടി പരസ്യമായി യു.ഡി.എഫ് സ്വീകരിച്ച നിലപാടിനെ തള്ളി പറഞ്ഞതോടെ വെട്ടിലായിരിക്കുന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസ്സനുമാണ്.

പൊതു സമൂഹത്തിനിടയില്‍ വ്യാപകമായ കയ്യടി ബല്‍റാമിന് ഇതിനകം ലഭിച്ചു കഴിഞ്ഞു. ഇതില്‍ പ്രകോപിതരായ മറ്റ് എം.എല്‍.എമാര്‍ ഇപ്പോള്‍ അങ്കമാലി എം.എല്‍.എ റോജി എം ജോണിനെയും അരുവിക്കര എം.എല്‍.എ ശബരിനാഥിനെയും രംഗത്തിറക്കി ബല്‍റാമിനെതിരെ ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടെങ്കിലും അതും ഇപ്പാള്‍ തിരിച്ചടിച്ചിരിക്കുകയാണ്.

ബെന്നി ബഹന്നാന്‍ ഉള്‍പ്പെടെ എ വിഭാഗത്തിലെ വലിയ വിഭാഗത്തിനും സര്‍ക്കാറുമായി ഒത്തുകളിച്ച നടപടിയില്‍ കടുത്ത പ്രതിഷേധമുണ്ട്. വിദ്യാര്‍ത്ഥികളുടെ ഭാവി നോക്കാനാണെങ്കില്‍ മറ്റ് മെഡിക്കല്‍ കോളജുകളില്‍ അഡ്മിഷന്‍ നല്‍കി പരിഹരിക്കുകയായിരുന്നു വേണ്ടതെന്നാണ് പൊതുവികാരം.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെ രണ്ട് മുന്നണികളും ഒത്തു കളി രാഷ്ട്രീയമാണ് കളിക്കുന്നതെന്ന പ്രചരണം ശക്തമാകുന്നതില്‍ പ്രവര്‍ത്തകര്‍ കട്ട കലിപ്പിലാണ്. സുധീരനും ബല്‍റാമും മാത്രം ഇനി ചെങ്ങന്നുരില്‍ പ്രചരണത്തിന് വന്നാല്‍ മതിയെന്ന് വരെ മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ ഇപ്പോള്‍ പറഞ്ഞ് തുടങ്ങിയിട്ടുണ്ട്.

ഇതോടെ സുധീരന്‍,ബല്‍റാം, ടി.എന്‍ പ്രതാപന്‍, കെ.സി വേണുഗോപാല്‍, അനില്‍ അക്കരെ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സില്‍ പുതിയ ശാക്തിക ചേരി രൂപപ്പെടുമെന്ന അഭ്യൂഹവും ശക്തമായിട്ടുണ്ട്.

എ ഐ ഗ്രൂപ്പുകളിലെ നല്ലൊരു വിഭാഗം പ്രവര്‍ത്തകരും ഈ വിഭാഗത്തോട് ഇപ്പോള്‍ തന്നെ അനുഭാവം പ്രകടിപ്പിച്ച് സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

Top