സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം ഒഴിവാക്കാന്‍ മധ്യസ്ഥ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്; കെ സുരേന്ദ്രന്‍

തൊടുപുഴ: സംസ്ഥാനത്ത് സി.പി.എം.- ആര്‍.എസ്.എസ് സംഘര്‍ഷം ഒഴിവാക്കാന്‍ സത്സംഘ് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ശ്രീ എം മദ്ധ്യസ്ഥത വഹിച്ചെന്ന വാര്‍ത്തകളോട് പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കേരളത്തില്‍ സിപിഎം- ആര്‍എസ്എസ് സംഘര്‍ഷങ്ങള്‍ ശക്തമായ കാലത്താണ് രാഷ്ട്രീയ കൊലപാതങ്ങള്‍ അവസാനിപ്പിക്കാന്‍ ഒരാള്‍ മുന്‍കൈയെടുത്തതെന്നും അത് ഇപ്പോള്‍ ചര്‍ച്ച നടത്തിയത് പോലെ കോണ്‍ഗ്രസ് പ്രചരിപ്പിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കണ്ണൂരില്‍ ആര്‍.എസ്.എസ്. – സി.പി.എം. സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ നിരവധി മധ്യസ്ഥ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ഇതാദ്യമായിട്ടല്ല. പി. പരമേശ്വരനും ഇ.എം.എസും ചര്‍ച്ച നടത്തിയിട്ടുണ്ട്. കെ.ജി. മാരാരും ഇ.കെ. നയനാരും ചര്‍ച്ച നടത്തിയിട്ടുണ്ട്. രാഷ്ടീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ ഇതിനു മുമ്പും ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും കോണ്‍ഗ്രസിന്റെ ഇത്തരം കള്ളത്തരങ്ങള്‍ ജനങ്ങള്‍ മുഖവിലക്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ബംഗാളില്‍ ഒരേ മുന്നണിയില്‍ മത്സരിക്കുന്നവരാണ് ഇവിടെ കള്ളപ്രചാരണം നടത്തുന്നത്. ഇത് ഏതോ കാലത്ത് നടന്ന ചര്‍ച്ചയാണ്. രഹസ്യമായി നടന്ന ചര്‍ച്ചയല്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനെ ദൈവം വിചാരിച്ചാലും ഇനി രക്ഷപ്പെടുത്താന്‍ സാധിക്കില്ല. കോണ്‍ഗ്രസിന്റെ ഭയമാണ് ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നില്‍. കോണ്‍ഗ്രസ് പാര്‍ട്ടി വല്ലാത്ത മതിഭ്രമത്തിലാണ്. അവരുടെ കാലിന് അടിയില്‍ നിന്ന് മണ്ണൊലിച്ച് പോകുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മുസ്ലീം ലീഗിന്റെ ചുമലിലിരുന്നാണ് കേരളത്തില്‍ യു.ഡി.എഫ്. പ്രവര്‍ത്തിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ലീഗിന് മുന്നില്‍ കീഴടങ്ങുന്ന സമീപനം കോണ്‍ഗ്രസിനെ കൂടുതല്‍ ചിന്നഭിന്നമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Top