2000ത്തിന്റെ പുതിയ നോട്ടടിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല : ധനകാര്യ സെക്രട്ടറി

ഡല്‍ഹി : 2000 രൂപ നോട്ടിന്റെ തുടര്‍ന്നുളള അച്ചടിയുമായി ബന്ധപ്പെട്ട് പുതിയ ഒരു തീരുമാനവും സര്‍ക്കാര്‍ എടുത്തിട്ടില്ലെന്ന് കേന്ദ്ര സാമ്പത്തിക കാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ്. കറന്‍സി നോട്ടുകള്‍ അച്ചടിക്കുന്നത് ആവശ്യകതയ്ക്ക് അനുസരിച്ചാണ്. ഇപ്പോള്‍ വിനിമയത്തിലുളള ആകെ കറന്‍സി മൂല്യത്തിന്റെ 35 ശതമാനമാണ് 2000 രൂപ നോട്ടുകളെന്നും ഗാര്‍ഗ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പ്രതികരിച്ചു.

കഴിഞ്ഞ ദിവസം 2000 രൂപ നോട്ടിന്റെ അച്ചടി അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. കള്ളപ്പണം വെളുപ്പിക്കാനും, നികുതി വെട്ടിക്കാനുമെല്ലാം 2000 രൂപ നോട്ടുകള്‍ വലിയ തോതില്‍ ഉപയോഗിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് അച്ചടി നിര്‍ത്തിവെച്ചിരിക്കുന്നത് എന്നാണ് സൂചന. എന്നാല്‍ 2000 രൂപയുടെ നോട്ട് അസാധുവാക്കിയെന്ന് ഇതിന് അര്‍ത്ഥമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നേരത്തെ 2000 രൂപയുടെ നോട്ട് അസാധുവാക്കുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അത്തരമൊരു നീക്കം ഉണ്ടാവില്ലെന്നും 2000 രൂപയുടെ നോട്ട് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും കേന്ദ്രസര്‍ക്കാര്‍ പിന്നീട് വ്യക്തമാക്കിയിരുന്നു.

Top