ലാൻഡ് ഫോണുകൾ ഓർമയാകുന്നത്തിന്റെ സൂചനകൾ വരുന്നു

കൊച്ചി: ലാന്‍ഡ് ഫോണുകള്‍ താമസിയാതെ ഓര്‍മയാകുമെന്ന സൂചനയാണ് ബി.എസ്.എന്‍.എലിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2017 മുതല്‍ ഇതുവരെ 8,12,971 പേര്‍ ലാന്‍ഡ് ഫോണുകള്‍ ഉപേക്ഷിച്ചതായാണ് ബി.എസ്.എന്‍.എല്‍. കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജറുടെ ഓഫീസില്‍നിന്നുള്ള കണക്കുകള്‍ പറയുന്നത്.

ഉപഭോക്താക്കള്‍ ലാന്‍ഡ് ഫോണുകള്‍ ഉപേക്ഷിച്ചെങ്കിലും അവര്‍ ഡെപ്പോസിറ്റായി നല്‍കിയ 20.40 കോടിയോളം രൂപ ബി.എസ്.എന്‍.എല്‍. തിരികെനല്‍കിയിട്ടില്ല. ഒ.വൈ.ടി. സ്‌കീമില്‍ ലാന്‍ഡ് ഫോണ്‍ കണക്ഷന്‍ എടുത്തവര്‍ ഡെപ്പോസിറ്റായി നല്‍കിയ 5000 രൂപയിനത്തിലും 2,30,185 രൂപ തിരികെനല്‍കാനുണ്ട്.

പ്രോപ്പര്‍ ചനല്‍ എന്ന സംഘടനയുടെ പ്രസിഡന്റ് എം.കെ. ഹരിദാസിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഈ വിവരമുള്ളത്.

ലാന്‍ഡ് ഫോണിനുള്ള കാത്തിരിപ്പ് ഒഴിവാക്കാനായാണ് ഓണ്‍ യുവര്‍ ടെലഫോണ്‍ (ഒ.വൈ.ടി.) സ്‌കീം നടപ്പാക്കിയത്. മൊബൈലും ഇന്റര്‍നെറ്റുമൊക്കെ വ്യാപകമായതോടെയാണ് ലാന്‍ഡ് ഫോണുകളുടെ പ്രതാപത്തിന് ഭീഷണിയായത്.

മത്സരം ശക്തമായതോടെ ഉപഭോക്താക്കളെ വിളിച്ച് കണക്ഷന്‍ നല്‍കുന്ന സാഹചര്യത്തിലേക്ക് ബി.എസ്.എന്‍.എല്‍. മാറിയിരുന്നു. സ്വകാര്യ ടെലഫോണ്‍ ദാതാക്കളുമായുള്ള മത്സരത്തില്‍ പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എലും ദുര്‍ബലമായതോടെ ഈ ശ്രമങ്ങളും ഇല്ലാതായി.

 

Top