‘മലൈക്കോട്ടൈ വാലിബനി’ൽ റിഷഭ് ഷെട്ടി എത്തുമെന്ന് റിപ്പോർട്ടുകൾ

സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും നടൻ മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രം. അതുതന്നെയാണ് ‘മലൈക്കോട്ടൈ വാലിബൻ’ പ്രേക്ഷക ശ്രദ്ധനേടാൻ കാരണം. ഏറെ നാളത്തെ സസ്പെൻസിന് ഒടുവിൽ പ്രഖ്യാപിച്ച ചിത്രത്തിന്റേതായി പുറത്തുവരുന്ന അപ്ഡേറ്റുകൾക്ക് എല്ലാം തന്നെ വൻ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ചിത്രത്തിലെ അഭിനേതാക്കളെ സംബന്ധിച്ച ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ സജീവമാകുകയാണ്. ഇപ്പോഴിതാ ‘മലൈക്കോട്ടൈ വാലിബനി’ൽ റിഷഭ് ഷെട്ടിയും എത്തുന്നുവെന്ന വാർത്തകളാണ് ട്വിറ്റർ ഹാൻഡിലുകളിൽ നടക്കുന്നത്.

മലൈക്കോട്ടൈ വാലിബനിൽ അതിഥി താരമായിട്ടാകും റിഷഭ് ഷെട്ടി എത്തുക എന്നാണ് ചർച്ചകൾ. ഇന്ത്യൻ സിനിമയിലെ പല പ്രഗത്ഭ താരങ്ങളും അഭിനയിക്കുന്നുണ്ടെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ നേരത്തെ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ റിഷഭ് സിനിമയിൽ അഭിനയിക്കുന്ന കാര്യം തള്ളിക്കളയാൻ സാധിക്കില്ലെന്നും ചിലർ ട്വീറ്റ് ചെയ്യുന്നു.

കഴിഞ്ഞ വർഷം റിലീസ് ചെയ്ത് ഇന്ത്യയൊട്ടാകെ ശ്രദ്ധനേടിയ ചിത്രമാണ് റിഷഭ് ഷെട്ടിയുടെ കാന്താര. സംവിധായകനായും നായകനായും റിഷഭ് ചിത്രത്തിൽ നിറഞ്ഞാടിയപ്പോൾ, അത് പ്രേക്ഷകരെ ഒന്നാകെ തിയറ്ററുകളിൽ പിടിച്ചിരുത്തി. പ്രേക്ഷക നിരൂപക പ്രശംസകൾക്ക് ഒപ്പം തന്നെ ബോക്സ് ഓഫീസിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാൻ കാന്താരയ്ക്ക് സാധിച്ചിരുന്നു.

അതേസമയം, ‘മലൈക്കോട്ടൈ വാലിബനി’ൽ കമല്‍ ഹാസനും ഭാഗമാകുമെന്ന റിപ്പോര്‍ട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. റിപ്പോർട്ടുകൾ അനുസരിച്ചാണെങ്കിൽ അതിഥി വേഷത്തിലാകും കമൽ ഹാസൻ എത്തുക. 2009ൽ പുറത്തിറങ്ങിയ ‘ഉന്നൈ പോലൊരുവന്‍’ എന്ന സിനിമയില്‍ കമലും മോഹന്‍ലാലും ഒരുമിച്ച് അഭിനയിച്ചിരുന്നു.

കഴിഞ്ഞ വർഷം ഡിസംബർ 23നാണ് സസ്പെൻസുകൾക്ക് ഒടുവിൽ ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാൽ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചത്. ഗുസ്തിക്കാരനായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിടുക എന്നാണ് പ്രെഡിക്ഷനുകൾ. ഇക്കാര്യങ്ങൾക്ക് വരും ദിവസങ്ങളിൽ വ്യക്തത വരുമെന്നാണ് കരുതപ്പെടുന്നത്.

മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. പ്രശാന്ത് പിള്ള സംഗീതം പകരും. കലാസംവിധാനം ഗോകുല്‍ ദാസ്, വസ്ത്രാലങ്കാരം റോണക്സ് സേവ്യര്‍. ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും നിര്‍മ്മാണ പങ്കാളികളാണ്. റിപ്പോർട്ടുകൾ അനുസരിച്ചാണെങ്കിൽ അതിഥി വേഷത്തിൽ കമൽ ഹാസനും ചിത്രത്തിൽ ഉണ്ടാകും. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി, മണികണ്ഠൻ ആചാരി എന്നിവരും ചിത്രത്തിന്റെ ഭാ​ഗമാകുന്നുണ്ട്.

Top