ആര്‍.ജെ.ഡിയ്ക്കും ജെ.ഡി.യുവിനുമിടയില്‍ വീണ്ടും അസ്വാരസ്യങ്ങള്‍ ഉടലെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍

ന്യൂഡല്‍ഹി: ബിഹാര്‍ ഭരിക്കുന്ന രണ്ട് സുപ്രധാന കക്ഷികളായ ആര്‍.ജെ.ഡിയ്ക്കും ജെ.ഡി.യുവിനുമിടയില്‍ വീണ്ടും അസ്വാരസ്യങ്ങള്‍ ഉടലെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ലലന്‍ സിങ് എന്നറിയപ്പെടുന്ന രാജീവ് രഞ്ജന്‍ സിങിനെ പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനത്ത് നിന്നും നീക്കം ചെയ്ത് നിതീഷ്‌കുമാര്‍ സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെയാണ് വിഷയം ചൂട് പിടിക്കുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഘട്ടത്തില്‍ പ്രതിപക്ഷത്തെ ‘ഇന്ത്യ’ സഖ്യത്തിലും ബിഹാറിലെ മഹാസഖ്യത്തിലും സമ്മര്‍ദശക്തിയായിരുന്ന് നേട്ടമുണ്ടാക്കാനാണ് ജെ.ഡി.യു.വിന്റെയും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും ലക്ഷ്യമെന്നും വിലയിരുത്തലുണ്ട്.ബി.ജെ.പി.വിരുദ്ധ പ്രതിപക്ഷസഖ്യത്തിന് തുടക്കമിട്ട നേതാവെന്ന പരിഗണന കിട്ടുന്നില്ലെന്ന തോന്നലും നിതീഷിനുണ്ട്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടണമെന്ന ആവശ്യവും നിതീഷിനെ നിരാശനാക്കിയിട്ടുണ്ട്. ഡല്‍ഹിയില്‍ ചേര്‍ന്ന ജെ.ഡി.യു. ദേശീയ കൗണ്‍സില്‍ യോഗത്തില്‍ കോണ്‍ഗ്രസിനെ പേരെടുത്ത് നിതീഷ്‌കുമാര്‍ കുറ്റപ്പെടുത്തിയതായാണ് സൂചന.

വിശ്വസ്തനായ ലലന്‍ സിങ് ആര്‍.ജെ.ഡി.യുമായി അടുത്ത് തേജസ്വി യാദവിനെ മുഖ്യമന്ത്രിപദത്തിലെത്തിക്കാന്‍ ശ്രമിക്കുന്നെന്ന സംശയംകൂടിയായതോടെയാണ് ജെ.ഡി.യു. ദേശീയഅധ്യക്ഷപദം വീണ്ടും നിതീഷ് ഏറ്റെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. കടുത്ത ബിജെപി വിരുദ്ധ നേതാവ് കൂടിയായിരുന്നു ലലന്‍.അതിനിടെ, തന്റെ ഔദ്യോഗിക ഓസ്ട്രേലിയന്‍ പര്യടനം ബിഹാര്‍ ഉപമുഖ്യമന്ത്രി കൂടിയായ തേജസ്വി യാദവ് റദ്ദാക്കിയതിലും നിരവധി ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. സംസ്ഥാന രാഷട്രീയത്തില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ തേജസ്വിയെ രാജ്യത്തിന് പുറത്തേക്ക് അയക്കേണ്ടെന്ന തീരുമാനമാണ് യാത്ര റദ്ദ് ചെയ്തതിന് പിന്നിലെന്നാണ് ആര്‍.ജെ.ഡി നേതാക്കള്‍ വിഷയത്തില്‍ നല്‍കുന്ന വിശദീകരണം.

Top