മുസ്ലീം ലീഗിൽ ഇത്തവണയും വനിത ഭാരവാഹികളില്ല; സ്ത്രീകൾക്ക് വനിതാ ലീഗുണ്ടെന്ന് പിഎംഎ സലാം

കോഴിക്കോട് : മുസ്ലീം ലീഗിൽ ഇത്തവണയും വനിതകൾക്ക് ഭാരവാഹിത്വമില്ല. പാര്‍ട്ടി അംഗത്വത്തില്‍ ഭൂരിപക്ഷം പേർ വനിതകളായെങ്കിലും മുൻ നിലപാടിൽ മാറ്റം വരുത്താൻ ലീഗ് തയ്യാറായില്ല. വനിതകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ വനിതാ ലീഗുണ്ടെന്നായിരുന്നു സംസ്ഥാന സെക്രട്ടറി പി എം എ. സലാമിന്റെ പ്രതികരണം. ‘സ്ത്രീകൾക്ക് മാത്രമായി പ്രവർത്തിക്കാൻ ഞങ്ങളൊരു സംഘടനയുണ്ടാക്കിക്കൊടുത്തിട്ടുണ്ട്. അതാണ് വനിതാ ലീഗ്. രണ്ട് കൂട്ടർക്കും രണ്ട് സംഘടനയെന്നാണ്’ ഇക്കാര്യത്തിൽ പി.എം.എ. സലാമിന്റെ വിശദീകരണം.

അടുത്ത മാസം നാലിനാണ് മുസ്ലീം ലീഗിന്റെ പുതിയ സംസ്ഥാന കമ്മറ്റി നിലവില്‍ വരിക. പക്ഷേ വനിതകളുടെ കാര്യത്തില്‍ ഇക്കുറിയും മാറ്റമൊന്നുമുണ്ടാകില്ലെന്നുറപ്പായി. 19 അംഗ സംസ്ഥാന ഭാരവാഹിപ്പട്ടികയിലേക്ക് വനിതകളെ പരിഗണിക്കേണ്ടെന്ന് തന്നെയാണ് പാര്‍ട്ടിയുടെ തീരുമാനം. പാര്‍ട്ടിക്ക് 2.50 ലക്ഷം അംഗങ്ങള്‍ പുതിയതായി വന്നെന്നാണ് കണക്ക്. ആകെ അംഗങ്ങളില്‍ 51 ശതമാനം വനിതകളാണ്. പക്ഷേ ഈ പ്രാതിനിധ്യം അംഗത്വത്തില്‍ മാത്രം മതിയെന്നാണ് പാര്‍ട്ടിയുടെ തീരുമാനം.

സാദിഖലി തങ്ങള്‍ പാര്‍ട്ടിയുടെ തലപ്പത്തേക്ക് വന്നപ്പോള്‍ വനിതാ പ്രാതിനിധ്യത്തിന്റെ കാര്യത്തില്‍ മാറ്റങ്ങളുണ്ടാകുമെന്നതിന്റെ സൂചനകള്‍ കണ്ടിരുന്നു. ഹരിതാ വിവാദത്തിന് പിന്നാലെ പോഷക സംഘടനകളില്‍ വനിതകള്‍ക്ക് 20 ശതമാനം പ്രാതിനിധ്യം നല്‍കാനും പാര്‍ട്ടി തീരുമാനിച്ചിരുന്നു. 25 വര്‍ഷത്തിനു ശേഷം മുസ്ലീം ലീഗ് ഒരു വനിതയെ നിയമസഭയിലേക്ക് മത്സരിക്കാന്‍ തീരുമാനമെടുത്തപ്പോഴും വരാനിരിക്കുന്ന മാറ്റങ്ങളുടെ സൂചനയായാണ് വിലയിരുത്തപ്പെട്ടത്. പക്ഷേ പുതിയ സംസ്ഥാന നേതൃത്വം നിലവില്‍ വരുമ്പോള്‍ ഭാരവാഹിപ്പട്ടികയിലേക്ക് ഒരു വനിത പോലുമില്ലെന്നത് പാര്‍ട്ടിക്കെതിരായി തുടരുന്ന വിമര്‍ശനങ്ങള്‍ക്ക് ശക്തി കൂട്ടും. ലീഗില്‍ 21 അംഗ സംസ്ഥാന സെക്രട്ടറിയേറ്റും,75 അംഗ സംസ്ഥാന പ്രവര്‍ത്തക സമിതിയും 500അംഗം സംസ്ഥാന കൗണ്‍സിലുമാണ് പുതിയതായി നിലവില്‍ വരിക.

Top