‘സിപിഐയിൽ രണ്ടു ചേരിയില്ല, ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ട സെക്രട്ടറിയാണ് താൻ’; കാനം രാജേന്ദ്രന്‍

കണ്ണൂര്‍: സി പി ഐ ജില്ലാ സമ്മേളനങ്ങളിൽ തനിക്കെതിരെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരിച്ച് കാനം രാജേന്ദ്രൻ. കണ്ണൂര്‍ ജീല്ലാ സമ്മളനത്തിലെ പ്രതിനിധി സമ്മേളനത്തിലാണ് കാനം നിലപാട് വ്യക്തമാക്കിയത്. പല ജില്ലകളിലും ഭാരവാഹി തെരഞ്ഞെടുപ്പില്‍ കാനം പക്ഷത്തിന് തിരിച്ചടി കിട്ടിയെന്നാണ് സമ്മേളനത്തിൽ ഉയർന്ന പ്രധാന വിമർശനം

പാർട്ടിക്കുള്ളിൽ വ്യത്യസ്ത പക്ഷങ്ങൾ ഉണ്ടെന്ന് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നു. സി പി ഐയിൽ രണ്ടു ചേരിയില്ല. ഉൾപാർട്ടി അഭിപ്രായ പ്രകടനം മാത്രമാണ് നടക്കുന്നത്. കാനം പക്ഷമോ മറ്റേതെങ്കിലും പക്ഷമോ ഈ പാർട്ടിയിൽ ഇല്ല. ഏതോ ബുദ്ധി കേന്ദ്രങ്ങളിൽ നിന്ന് വാർത്ത പ്രചരിപ്പിക്കുന്നു. പാർട്ടിയെ തകർക്കാനായി മലർന്ന് കിടന്ന് തുപ്പുകയാണ് അവർ ചെയ്യുന്നത്. ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ട സെക്രട്ടറിയാണ് താനെന്ന് ഓർക്കണമെന്നും കാനം പറഞ്ഞു.

ഇന്ത്യൻ സാഹചര്യത്തിൽ സി പി ഐ യും സി പി എമ്മും ഒന്നിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. ഇടത് മുന്നണിക്കകത്ത് നേട്ടങ്ങളും കോട്ടങ്ങളും ഒരുമിച്ച് ഏറ്റെടുക്കണം. പരസ്പരം കലഹിക്കുന്ന പാർട്ടിയായി മുന്നണിക്കുള്ളിൽ മാറുന്നത് ശരിയല്ല. ദുർബലന്റെ ശബ്ദത്തിന് സമൂഹത്തിൽ വില ഇല്ല എന്ന് ഓർക്കണം. എൽ ഡി എഫ് ശക്തിപ്പെടുത്തുന്നതോടൊപ്പം സ്വയം ശക്തമാകാൻ പാർട്ടിക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

Top