ബസിന്റെ വശങ്ങളില്‍ നമ്പര്‍ ഇല്ല, ദേശീയ പതാക ഉപയോഗിച്ചത് മാനദണ്ഡം പാലിക്കാതെ; പരാതിയുമായി യുവമോര്‍ച്ച

തിരുവനന്തപുരം: നവകേരള സദസ്സിനെതിരെ വിമര്‍ശനവുമായി യുവമോര്‍ച്ച. മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിക്കുന്ന ആഢംബര ബെന്‍സ് കാരവനെതിരെ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്കും ഡിജിപിക്കും പരാതി നല്‍കി. ബസിന്റെ വശങ്ങളില്‍ നമ്പര്‍ ഇല്ല. മാനദണ്ഡം പാലിക്കാതെയാണ് ദേശീയ പതാക ബസില്‍ ഉപയോഗിച്ചിരിക്കുന്നത്. ദേശീയ പതാകയെ അപമാനിക്കുകയാണെന്നും യുവമോര്‍ച്ച പരാതിയില്‍ പറഞ്ഞു.

പിണറായി സര്‍ക്കാരിന്റെ നേട്ടം വികൃതമാണ്. അത് കോടികള്‍ ചെലവാക്കി നന്നാക്കാന്‍ ശ്രമിക്കുന്നുവെന്നും യുവമോര്‍ച്ച വിമര്‍ശിച്ചു. നവകേരള സദസ്സ് എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണമാണ്. തൊഴിലുറപ്പ് തൊഴിലാളികള്‍ മുതല്‍ ഐഎഎസ് ഉദ്യോഗസ്ഥരെ വരെ അതിന് ഉപയോഗിക്കുന്നു. കേരളത്തില്‍ ഭരണ സ്തംഭനമാണുളളതെന്നും യുവമോര്‍ച്ച ആരോപിച്ചു.

മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും സഞ്ചരിക്കാന്‍ കാരവന്‍ വാങ്ങിയതിനെതിരെ പ്രതിപക്ഷ നേതാക്കളും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. കാരവനിലെ യാത്ര സര്‍ക്കാരിന് തന്നെ ബൂമറാങ്ങ് ആവുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. കോടികള്‍ മുടക്കി ഹെലികോപ്റ്ററില്‍ കറങ്ങുന്ന മുഖ്യമന്ത്രി സാധാരണ ജനങ്ങളെ കാണാന്‍ ആഢംബര ബെന്‍സ് കാരവനില്‍ എത്തുന്നതില്‍ അത്ഭുതമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അഞ്ചു പൈസ കയ്യിലില്ലാത്ത സമയത്താണ് സര്‍ക്കാര്‍ ഒരു കോടിയുടെ ബസ് വാങ്ങുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും വിമര്‍ശിച്ചിരുന്നു.

Top