ശശി തരൂർ കോൺഗ്രസ്സ് വിടണമെന്ന് ആഗ്രഹിക്കുന്ന നേതാക്കളും നിരവധി !

ന്താണ് കോണ്‍ഗ്രസ്സില്‍ ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്നത് രാഷ്ട്രീയ വിദ്യാര്‍ത്ഥികളെ സംബന്ധിച്ചും ഏറെ ആകാംക്ഷയുള്ള കാര്യമാണ്. കേരളത്തിലെങ്കിലും പാര്‍ട്ടിയെ സെമികേഡര്‍ പാര്‍ട്ടിയാക്കാന്‍ ഇറങ്ങി തിരിച്ചവര്‍ ഇപ്പോള്‍ ആകെ പെട്ട അവസ്ഥയിലാണുള്ളത്. സുധാകരന്റെ ഭീഷണിക്കു പോലും ശശിതരൂരിനെ അടക്കി നിര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. ചങ്കൂറ്റമുണ്ടെങ്കില്‍ തന്നെ പുറത്താക്കൂ എന്ന നിലപാടുമായാണ് അദ്ദേഹം മുന്നോട്ട് പോകുന്നത്. വീരശൂര പരാക്രമിയായ കെ.സി വേണുഗോപാലിന്റെ തന്ത്രങ്ങള്‍ക്കും അപ്പുറമാണ് തരൂരിന്റെ തന്ത്രങ്ങള്‍. അതാണിപ്പോള്‍ നാട് കണ്ടു കൊണ്ടിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനെയും കെ.റെയില്‍ പദ്ധതിയെയും പിന്തുണച്ച തരൂര്‍ സാക്ഷാല്‍ യോഗി ആദിത്യനാഥിനു നല്‍കിയ ഉപദേശവും കോണ്‍ഗ്രസ്സിനുള്ള ഒന്നാംന്തരം പ്രഹരമാണ്. ‘കേരളത്തിലെ ഭരണം യോഗി മാതൃകയാക്കണമെന്നാണ്’ തരൂര്‍ സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. അങ്ങനെ മാതൃകയാക്കിയാല്‍ അതിന്റെ ഗുണം രാജ്യത്തിന് തന്നെയാണെന്നും അതല്ലെങ്കില്‍ അവരുടെ നിലവാരത്തിലേക്ക് രാജ്യം കൂപ്പക്കുത്തുകയാണ് ചെയ്യുകയെന്നുമാണ് തരൂരിന്റെ വാദം.

കെ-റെയില്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് അനുകൂലമായ നിലപാടെടുത്ത തരൂരിനോട് പാര്‍ട്ടി വിശദീകരണം ചോദിച്ചതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെ വീണ്ടും വീണ്ടും പുകഴ്ത്തി തരൂര്‍ രംഗത്ത് വന്നത് കെ.പി.സി.സി നേതൃത്വത്തെ മാത്രമല്ല ഹൈക്കമാന്റിനെയും ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. ‘കെ. റെയില്‍ വിഷയത്തില്‍ തൃപ്തികരമല്ല വിശദീകരണമെങ്കില്‍ ‘പാര്‍ട്ടിക്ക് പുറത്ത് പോകേണ്ടി വരുമെന്ന കെ.പി.സി.സി. അധ്യക്ഷന്റെ താക്കീത് നിലനില്‍ക്കെയാണ് സംസ്ഥാന സര്‍ക്കാരിനെ പുകഴ്ത്തി വീണ്ടും ശശി തരൂര്‍ രംഗത്ത് വന്നിരിക്കുന്നത്.

‘കേരളത്തില്‍ നടക്കുന്നത് സദ്ഭരണമാണെന്നും എല്ലാ രാഷ്ട്രീയത്തെയും ഉള്‍ക്കൊള്ളുന്നതാണ് കേരള ഭരണമെന്നും ശശി തരൂര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ എടുത്തു പറഞ്ഞിട്ടുണ്ട്. നീതി ആയോഗിന്റെ ആരോഗ്യ സര്‍വേയില്‍ കേരളം ഒന്നാമത് എത്തിയത് ചൂണ്ടിക്കാണിച്ചാണ് തരൂരിന്റെ ഈ അഭിനന്ദനം. അവസാന സ്ഥാനത്ത് എത്തിയ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ടാഗ് ചെയ്തായിരുന്നു തരൂരിന്റെ മിന്നല്‍ പ്രഹരം. ആരോഗ്യസുരക്ഷ എന്താണെന്ന് യുപിയെ കണ്ട് കേരളം പഠിക്കണമെന്ന യോഗിയുടെ 2017ലെ പരാമര്‍ശത്തെ തലക്കെട്ടാക്കിയ ബിസിനസ് സ്റ്റാന്‍ഡേഡിന്റെ വാര്‍ത്തയും ഇതോടൊപ്പം തരൂര്‍ ചേര്‍ത്തിട്ടുണ്ട്.

സില്‍വര്‍ലൈന്‍ പദ്ധതിയില്‍ വ്യത്യസ്ത നിലപാടെടുക്കന്ന ശശി തരൂരിനെതിരായി കടുപ്പിച്ച് മുന്നോട്ട് പോകുന്ന കെപിസിസി നേതൃത്വം തരൂരിന്റെ പുതിയ നീക്കങ്ങള്‍ കണ്ട് അന്തംവിട്ടിരിക്കുകയാണിപ്പോള്‍. ”തരൂര്‍ വെറും എംപിമാത്രമാണെന്നും, പാര്‍ട്ടിക്ക് വിധേയനായില്ലെങ്കില്‍ പുറത്തുപോകേണ്ടിവരുമെന്നുമുള്ള” കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവനയും തരൂരിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. ‘വരട്ടെ കാണാം എന്നതു തന്നെയാണ് അദ്ദേഹത്തിന്റെ നിലപാട്. കെ റെയിലിനെതിരെ യുഡിഎഫ് എംപിമാര്‍ നല്‍കിയ നിവേദനത്തില്‍ തരൂര്‍ ഒപ്പിടാതിരുന്നതും മുഖ്യമന്ത്രിയെ പ്രശംസിച്ചതുമാണ് കെ.പി.സി.സി നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുന്നത്.

ഇടതുപക്ഷം സ്വീകരിക്കുന്ന എന്തു നിലപാടിനെയും കണ്ണടച്ച് എതിര്‍ക്കുന്ന യുഡിഎഫ് പിന്തുടരുന്നത് വിനാശകരമായ പ്രതിപക്ഷ രാഷ്ട്രീയമാണെന്ന തന്റെ മുന്‍ നിലപാടില്‍ ഇപ്പോഴും തരൂര്‍ ഉറച്ചു നില്‍ക്കുകയാണ് ചെയ്യുന്നത്. പിണറായി വിജയന്‍ സര്‍ക്കാരിന്റെ വികസന നയങ്ങളെ തിരുവനന്തപുരം ലുലു മാള്‍ ഉദ്ഘാടന ചടങ്ങില്‍ തരൂര്‍ അഭിനന്ദിച്ചതിനെതിരെ കോണ്‍ഗ്രസ് മുഖപത്രവും നേരത്തെ രംഗത്തു വന്നിരുന്നു. തരൂരിനെ വ്യക്തിപരമായി ആക്ഷേപിച്ചാണ് ഈ മാധ്യമം ലേഖനം പ്രസിദ്ധീകരിച്ചിരുന്നത്.

കോണ്‍ഗ്രസ്സിലെ തരൂര്‍ എതിരാളികള്‍ ഈ ‘അവസരങ്ങളെ’ ഉപയോഗപ്പെടുത്തി തരൂരിനെ ഒതുക്കാനാണ് നിലവില്‍ ശ്രമിക്കുന്നത്. കെ.സി വേണുഗോപാല്‍, കെ.സുധാകരന്‍, വി.ഡി സതീശന്‍, കെ.മുരളീധരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ തങ്ങളുടെ പ്രധാന എതിരാളിയായി കാണുന്നത് പോലും തരൂരിനെയാണ്. യു.പി.എക്ക് കേന്ദ്ര ഭരണം ലഭിച്ചാല്‍ കെ.സിക്കും മുല്ലപ്പള്ളി ഉള്‍പ്പെടെയുള്ളവര്‍ക്കും തരൂരിന് എതിരാളിയാകുക. കേരളത്തില്‍ നിന്നും കാബിനറ്റ് റാങ്കോടെ ആദ്യം പരിഗണിക്കപ്പെടുക തരൂര്‍ ആകുമെന്നതാണ് ഇവരുടെ ഉറക്കം കെടുത്തുന്നത്.

അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി കസേര ലഷ്യമിടുന്ന വി.ഡി സതീശന്‍, കെ.സുധാകരന്‍, രമേശ് ചെന്നിത്തല, കെ.മുരളീധരന്‍ എന്നിവര്‍ക്കും ഭീഷണി തരൂര്‍ തന്നെയാണ്. കേന്ദ്രത്തില്‍ ‘അല്ലങ്കില്‍’ കേരളത്തില്‍ മുഖ്യമന്ത്രി കസേര സ്വപ്നം കാണുന്ന നേതാവാണ് കെ.സി വേണുഗോപാല്‍ എന്നാല്‍ ഒരു ജനപിന്തുണയും ഈ നേതാവിനില്ല എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. ഇടതുപക്ഷത്തിന് എതിരെ ഉയര്‍ത്തി കാട്ടാന്‍ ഏറ്റവും നല്ല മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തരൂരാണ് എന്നതാണ് അഭിപ്രായ സര്‍വേകളും നല്‍കുന്ന സൂചന. ഇതു മനസ്സിലാക്കി തന്നെയാണ് തരൂരിനെ വെട്ടിനിരത്താന്‍ കെ.സിയും കെ.സുധാകരനും ഉള്‍പ്പെടെ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

എന്നാല്‍ ഇവരേക്കാള്‍ ലോകംകണ്ട പരിചയമുള്ള തരൂര്‍ തന്ത്രപരമായ നീക്കം തന്നെയാണിപ്പോള്‍ നടത്തിയിരിക്കുന്നത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാല്‍ ഇത്തവണ ജയിക്കാന്‍ പോകുന്നില്ലന്ന് അദ്ദേഹത്തിന് തന്നെ നന്നായി അറിയാം. അതുകൊണ്ട് ഇടതുപക്ഷ പിന്തുണയോടെ തരൂര്‍ മത്സരിച്ചാലും ഇനി അത്ഭുതപ്പെടേണ്ടതില്ല. ഇക്കാര്യത്തില്‍ തരൂര്‍ നിലപാട് വ്യക്തമാക്കിയാല്‍ സി.പി.എമ്മും തീരുമാനം വ്യക്തമാക്കും. തരൂര്‍ കൂടി ഇടതുപക്ഷ പാളയത്തില്‍ എത്തിയാല്‍ അത് യു.ഡി.എഫിനെ സംബന്ധിച്ച് വലിയ പ്രഹരമായാണ് മാറുക. കഴിഞ്ഞ തവണ നേടിയ 19 സീറ്റുകള്‍ ഇത്തവണ എന്തായാലും യു.ഡി.എഫ് പ്രതീക്ഷിക്കുന്നില്ല. 5 സീറ്റുകള്‍ എങ്കിലും നേടാന്‍ കഴിഞ്ഞില്ലങ്കില്‍ വി.ഡി സതീശന്റെയും കെ സുധാകരന്റെയും കസേരകളും തെറിക്കും കെ.സി വേണുഗോപാലിന് ഡല്‍ഹിയോടും ഗുഡ് ബൈ പറയേണ്ടി വരും.

EXPRESS KERALA VIEW

Top