പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; യുവതിയെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്‌

ഗജ്വാളി: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ അതിക്രൂരമായി കുത്തിക്കൊന്ന് യുവാവ്. ആന്ധ്രാപ്രദേശ് ഗ്രാമീണ്‍ വികാസ് ബാങ്കില്‍ ഉദ്യോഗസ്ഥയായിരുന്ന ദിവ്യയാണ് മരിച്ചത്. തെലങ്കാനയിലെ ഗജ്വാളിലാണ് നാടിനെ നടുക്കിയ സംഭവം. സംഭവത്തില്‍ വെങ്കിടേഷ് ഗൗഡെന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വിവാഹത്തിന് എട്ടുദിവസം മാത്രം ശേഷിക്കെയാണ് പെണ്‍കുട്ടി ക്രൂരമായി കൊലചെയ്യപ്പെട്ടത്. എട്ടാം ക്ലാസ് മുതല്‍ പെണ്‍കുട്ടിയുടെ പിന്നാലെ നടന്നയാളാണ് ക്രൂരകൃത്യം ചെയ്ത വെങ്കിടേഷ്. പതിവുപോലെ ദിവ്യ ബാങ്കില്‍ നിന്ന് സന്ധ്യയോടെ വീട്ടിലെത്തിയതായിരുന്നെങ്കിലും അച്ഛനും അമ്മയും വീട്ടിലുണ്ടായിരുന്നില്ല.

ആ സമയം കയറി വന്ന വെങ്കിടേഷ് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. കഴുത്തില്‍ മാത്രം ഏഴ് തവണയാണ് ഇയാള്‍ കത്തികൊണ്ട് വലിയ മുറിവുണ്ടാക്കിയത്. ഗുരുതരമായി പരുക്കേറ്റ ദിവ്യ തല്‍ക്ഷണം മരിച്ചു. വെങ്കിടേഷ് സ്ഥലത്ത് നിന്ന് ഓടി രക്ഷപെടുകയും ചെയ്തുവെന്നും പൊലീസ് പറയുന്നു.

അതേസമയം, വെങ്കിടേഷും ദിവ്യയും പ്രണയത്തിലായിരുന്നുവെന്നും 2014 ല്‍ ഇരുവരും അമ്പലത്തില്‍ വച്ച് രഹസ്യമായി വിവാഹം കഴിച്ചുവെന്നും വെങ്കിടേഷിന്റെ വീട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇക്കാര്യം തങ്ങള്‍ അന്വേഷിച്ചെന്നും ഇതിന് തെളിവില്ലെന്നും പൊലീസ് വ്യക്തമാക്കി.

നാട്ടിലുള്ള മറ്റൊരാളുമായി ദിവ്യയുടെ വിവാഹം വീണ്ടും ഉറപ്പിച്ചതോടെ വെങ്കിടേഷ് ദിവ്യയെയും അമ്മയെയും വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും ഇല്ലാത്ത സമയം നോക്കി കൊലപ്പെടുത്തിയത്.

Top