തെലങ്കാന മന്ത്രിസഭ പിരിച്ചുവിട്ടു; തീരുമാനം ഗവര്‍ണര്‍ അംഗീകരിച്ചു

ആന്ധ്രാപ്രദേശ്: തെലങ്കാന മന്ത്രിസഭ പിരിച്ചു വിട്ടു. കാലാവധി തീരാന്‍ എട്ട് മാസം ബാക്കി നില്‍ക്കെയാണ് തീരുമാനം. മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ഗവര്‍ണറെ കണ്ടു. സംസ്ഥാന നിയമസഭ പിരിച്ചുവിടാനുള്ള മന്ത്രിസഭയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു. ഒറ്റവരി പ്രമേയമാണ് മന്ത്രിസഭ പാസാക്കിയത്. ഡിസംബറില്‍ തെരഞ്ഞെടുപ്പിലേക്ക് പോകാനാണ് ചന്ദ്രശേഖര റാവു ആഗ്രഹിക്കുന്നത്.

ഇതോടെ, ഈ വര്‍ഷം തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന നാല് സംസ്ഥാനങ്ങള്‍ക്കൊപ്പം തെലുങ്കാന തിരഞ്ഞെടുപ്പും നടക്കും. അടുത്ത മന്ത്രിസഭ അധികാരമേല്‍ക്കുന്നതുവരെ കാവല്‍ മുഖ്യമന്ത്രിയായി തുടരാനും ഗവര്‍ണര്‍ ചന്ദ്രശേഖര റാവുവിനോട് നിര്‍ദ്ദേശിച്ചു.

2018 അവസാനത്തോടെ തെലങ്കാന തിരഞ്ഞെടുപ്പ് നടക്കുമെന്നും ഒരുക്കങ്ങള്‍ വേഗത്തിലാക്കാനും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേരത്തെ തന്നെ സംസ്ഥാന നേതാക്കള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി) എന്‍ഡിഎ വിട്ടശേഷം ബിജെപി ടിആര്‍എസ്സുമായി അടുപ്പത്തിലാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയെ പിന്തുണയ്ക്കാനുള്ള സന്നദ്ധത ടിആര്‍എസ് അദ്ധ്യക്ഷനായ ചന്ദ്രശേഖര റാവു അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചിരുന്നു.

Top