പോപ്പുലർ ഫ്രണ്ട് മനുഷ്യാവകാശത്തെ കുറിച്ച് ഇനി ഒരിക്കലും മിണ്ടിപ്പോകരുത് . . .

നുഷ്യാവകാശത്തെക്കുറിച്ച് ഇനി പോപ്പുലർ ഫ്രണ്ട് മിണ്ടിപോകരുത്, സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ പോപ്പുലർ ഫ്രണ്ടിന്റെ മുഖപത്രം തേജസ് അടച്ചുപൂട്ടി മൂന്നുമാസമായിട്ടും ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ മുഴുവനും നല്‍കാതെ കൊടിയ മനുഷ്യാവകാശ ലംഘനവും വഞ്ചനയുമാണ് നടത്തിയിരിക്കുന്നത്. കരാര്‍ ജീവനക്കാര്‍ക്ക് നയാപൈസയുടെ സഹായം നല്‍കിയില്ല. ഇരുനൂറിനടുത്തുള്ള സ്ഥിരം ജീവനക്കാര്‍ക്ക് മാത്രമാണ് ഗ്രാറ്റിവിറ്റിയും കമ്പനി അടച്ചുപൂട്ടുമ്പോള്‍ നല്‍കേണ്ട തുകയും നല്‍കിയിട്ടുള്ളത്.

വേജ്ബോര്‍ഡ് നടപ്പാക്കിയ 2010 മുതല്‍ 17വരെയുള്ള ശമ്പളകുടിശിക അടക്കമുള്ള ലക്ഷങ്ങളുടെ ആനുകൂല്യങ്ങള്‍ ഇതുവരെയും നല്‍കാന്‍ തയ്യാറായിട്ടില്ല. സ്വയം പിരിഞ്ഞുപോവുകയാണെന്നും തേജസിനെതിരെ നിയനടപടി സ്വീകരിക്കില്ലെന്നും 10 രൂപയുടെ റവന്യൂ സ്റ്റാമ്പില്‍ ഒപ്പിട്ടു നല്‍കിയവര്‍ക്ക് മാത്രമാണ് നാമമാത്രമായ ആനുകൂല്യത്തിന്റെ ചെക്ക് പോലും നല്‍കിയത്. ശമ്പളകുടിശിക നല്‍കണമെന്ന ലേബര്‍ കമ്മീഷന്റെ ഉത്തരവും മനുഷ്യാവകാശ പോരാട്ടക്കാരുടെ പത്രം കണ്ടില്ലെന്നു നടിക്കുകയാണ്. എന്നാല്‍ കഴിഞ്ഞ 2018 ഒക്ടോബര്‍ 21ന് സാമ്പത്തിക പ്രതിസന്ധിയില്‍ പത്രം അടച്ചുപൂട്ടുകയാണെന്ന് ജീവനക്കാര്‍ക്ക് നോട്ടീസ് നല്‍കിയവര്‍ ജനുവരിയില്‍ സ്വയം പിരിഞ്ഞുപോവുകയാണെന്ന് ഒപ്പിട്ടുവാങ്ങിച്ച് വഞ്ചിക്കുകയും ചെയ്തു.

മനുഷ്യാവകാശത്തിന്റെ പേരില്‍ മുറവിളികൂട്ടുന്ന പോപ്പുലർ ഫ്രണ്ടിന്റെ മുഖപത്രമായ തേജസിലാണ് ജീവനക്കാരുടെ മനുഷ്യാവകാശം ക്രൂരമായി ഹനിക്കപ്പെട്ടതും അവരെ മനുഷ്യത്വമില്ലാതെ വഞ്ചിച്ചതും. വഴിയാധാരമായ മുന്നൂറോളം ജീവനക്കാരെ തേജസ് മാനേജ്മെന്റും പത്രപ്രവര്‍ത്തക യൂണിയനും കൈവിടുന്നത് എക്സ്പ്രസ് കേരള നേരത്തെ വാര്‍ത്തയാക്കിയിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ 21ന് ജീവനക്കാരുടെ യോഗം വിളിച്ച് പത്രംപൂട്ടുന്നത് അറിയിച്ച തേജസ് മാനേജ്്മെന്റ് ജീവനക്കാര്‍ക്കുള്ള പാക്കേജ് ഉടന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

മനുഷ്യാവകാശത്തിനുവേണ്ടി നിലകൊള്ളുന്നവരെന്ന് അവകാശപ്പെടുന്ന തേജസ് മാനേജ്മെന്റ് വഴിയാധാരമാക്കിയ മുന്നൂറോളം ജീവനക്കാര്‍ക്ക് സഹായപാക്കേജ് നല്‍കാതെയാണ് പുതുവത്സര ദിനത്തില്‍ തേജസ് ന്യൂസ് യൂട്യൂബ് ചാനല്‍ ആരംഭിച്ചിരുന്നത്. പെട്ടിക്കടപൂട്ടുന്ന ലാഘവത്തോടെ പത്രം അടച്ചുപൂട്ടിയിട്ടും ഒഴുക്കന്‍ പ്രസ്താവനയല്ലാതെ തേജസ് ജീവനക്കാര്‍ക്ക് അര്‍ഹമായ ആനുകൂല്യം നേടിനല്‍കാന്‍ കാര്യമായൊന്നും ശ്രമിക്കാതിരുന്ന പത്രപ്രവര്‍ത്തക യൂണിയനെതിരെയും വ്യപക പ്രതിഷേധമുയര്‍ന്നിരുന്നു.

ജീവനക്കാരെ പിരിച്ചുവിട്ടതിന് ദീപിക ദിനപത്രത്തിന് വര്‍ഷങ്ങളോളം പ്രസ് ക്ലബില്‍ വിലക്കേര്‍പ്പെടുത്തുകയും വേജ് ബോര്‍ഡ് നടപ്പാക്കാത്തതിന് മാതൃഭൂമി കോഴിക്കോട് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുകയും ചെയ്ത പത്രപ്രവര്‍ത്തകയൂണിയനാണ് തേജസ് മാനേജ്മെന്റിനെതിരെ പത്രക്കുറിപ്പുമാത്രം ഇറക്കി മിണ്ടാതിരുന്നത്. പ്രതിഷേധം ശക്തമായതോടെ മാര്‍ച്ച് 30തിന് തേജസിന്റെ കോഴിക്കോട് മീഞ്ചന്തയിലെ ഓഫീസിലേക്ക് പത്രപ്രവര്‍ത്തകയൂണിയന്‍ മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എളമരം കരീമാണ് ഉദ്ഘാടനം ചെയ്യുന്നത്. വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളും പങ്കെടുക്കും. തേജസ് പത്രം അടച്ചുപൂട്ടിയ ശേഷം കോടികള്‍ മുതല്‍മുടക്കിയാണ് തേജസ് ന്യൂസ് യു.ട്യൂബ് ചാനല്‍ ആരംഭിച്ചിരുന്നത്. തേജസ് ന്യൂസ് പോര്‍ട്ടലും നവീകരിച്ചു. തേജസ് ദ്വൈവാരിക വാരികയാക്കിയും മാറ്റി.

പിരിച്ചുവിടപ്പെട്ട മുന്നൂറോളം ജീവനക്കാരില്‍ ഇരുപതു പേര്‍ക്കു മാത്രമാണ് തേജസ് വാരികയിലും ഓണ്‍ലൈന്‍ ന്യൂസ് ചാനലിനും ജോലി നല്‍കിയിട്ടുള്ളത്. മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് സമരത്തില്‍ തൊഴിലാളികള്‍ക്കൊപ്പം അടിയുറച്ചുനിന്നു പോരാടിയ പഴയ നക്സല്‍ നേതാവ് ഗ്രോ വാസു ഇപ്പോള്‍ എസ്.ഡി.പി.ഐയുടെ തൊഴിലാളി സംഘടനയായ എസ്.ഡി.ടി.യു സംസ്ഥാന നേതാവാണ്. തേജസിലെ തൊഴിലാളികളുടെ കാര്യത്തില്‍ അവകാശ സമരപോരാട്ടങ്ങളുടെ നായകനായ ഗ്രോ വാസുവും ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്.

തേജസ് അടച്ചുപൂട്ടിയതോടെ ചീഫ് എഡിറ്ററായിരുന്ന എന്‍.പി ചെക്കുട്ടിയും ആഴ്ചവട്ടം എഡിറ്ററായിരുന്ന ജമാല്‍ കൊച്ചങ്ങാടി അടക്കമുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും വഴിയാധാരമായിരിക്കുകയാണ്. തീവ്രവാദം ആരോപിച്ച് സംസ്ഥാന സര്‍ക്കാരും പിന്നീട് കേന്ദ്ര സര്‍ക്കാരും സര്‍ക്കാര്‍ പരസ്യങ്ങള്‍ തേജസിനു നിഷേധിച്ചിരുന്നു. 1997ല്‍ എന്‍.ഡി.എഫിന്റെ മുഖമാസികയായാണ് പ്ര.ഫ പി. കോയ എഡിറ്ററായി തേജസ് പ്രസിദ്ധീകരണമാരംഭിച്ചത്. പിന്നീട് ദ്വൈവാരികയായും ദ്വൈവാരിക നിലനിര്‍ത്തികൊണ്ടുതന്നെ 2006 ജനുവരി 26ന് കോഴിക്കോടുനിന്നും തേജസ് പത്രം ആരംഭിക്കുകയുമായിരുന്നു. ഇടതുസഹയാത്രികനും കൈരളി ചാനല്‍ വാര്‍ത്താവിഭാഗം മേധാവിയുമായിരുന്ന എന്‍.പി ചെക്കുട്ടിയെയാണ് തേജസിന്റെ എഡിറ്ററായി നിയമിച്ചിരുന്നത്.

വാര്‍ത്തകളിലും നിലപാടുകളിലും വിട്ടുവീഴ്ചയില്ലാത്ത തേജസിന്റെ ഇടപെടലുകള്‍ മാധ്യമലോകത്ത് ശ്രദ്ധേയമായിരുന്നു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ കൊച്ചങ്ങാടിയുടെ നേതൃത്വത്തില്‍ പുറത്തിറക്കിയ സണ്‍ഡേ സപ്ലിമെന്റായ ആഴ്ചവട്ടവം ശ്രദ്ധേയമായിരുന്നു. ന്യൂനപക്ഷ, ദലിത് അവകാശങ്ങള്‍ തേജസ് ഉയര്‍ത്തിപ്പിടിച്ചിരുന്നു. എന്നാല്‍ വാര്‍ത്തകള്‍ക്ക് അപ്പുറത്ത് പോപ്പുലർ ഫ്രണ്ടിന്റെ അക്രമങ്ങളും തീവ്രവാദ ബന്ധമെന്ന ആരോപണങ്ങളുമാണ് തേജസിന്റെ നില പരുങ്ങലിലാക്കിയത്.

കൈവെട്ടു കേസിനു പിന്നാലെ തേജസ് ജീവനക്കാരന്‍ ഐ.എസില്‍ ചേരാന്‍പോയതും കനകമലയിലെ തീവ്രവാദയോഗവുമെല്ലാം തേജസിനെ പ്രതികൂട്ടിലാക്കി. ഏറ്റവും ഒടുവില്‍ മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ ദാരുണകൊലപാതകത്തില്‍ ക്യാംപസ് ഫ്രണ്ടും പോപ്പുലർ ഫ്രണ്ടും പ്രതികൂട്ടിലായതും പത്രത്തിനു തിരിച്ചടിയായി. അപ്പോഴും ഒപ്പം നിന്ന ജീവനക്കാരാണ് ഒടുവില്‍ വഴിയാധാരമായിരിക്കുന്നത്.

Top