thej bahadoor yadav dismissed by bsf

ന്യൂഡല്‍ഹി: അതിര്‍ത്തിയിലുള്ള സൈനികര്‍ക്ക് മോശം ഭക്ഷണമാണ് ലഭിക്കുന്നതെന്ന് വീഡിയോയിലൂടെ ലോകത്തെ അറിയിച്ച ബി.എസ്.എഫ് ജവാന്‍ തേജ് ബഹദൂര്‍ യാദവിനെ ബി.എസ്.എഫ് പിരിച്ചുവിട്ടു.

മൂന്ന് മാസത്തോളമായി നടന്നു വന്നിരുന്ന സൈനിക വിചാരണയില്‍ ഇയാള്‍ അച്ചടക്കലംഘനം നടത്തിയെന്ന് കണ്ടെത്തിയിരുന്നു.

തേജ് ബഹദൂറിന്റെ പ്രവര്‍ത്തനം സൈന്യത്തിന്റെ അന്തസ്സിന് കോട്ടമുണ്ടാക്കിയെന്ന വിചാരണക്കോടതിയുടെ കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.
എന്നാല്‍ വിചാരണയ്ക്കിടെ സ്വയം വിരമിക്കലിനുള്ള അപേക്ഷ ഇയാള്‍ സമര്‍പ്പിച്ചുവെങ്കിലും ഇത് അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല.

ജനുവരി ഒമ്പതിനായിരുന്നു അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന പട്ടാളക്കാര്‍ക്ക് മോശം ഭക്ഷണമാണ് നല്‍കുന്നതെന്ന് ആരോപിച്ചുകൊണ്ടുള്ള വീഡിയോ തേജ് ബഹദൂര്‍ പുറത്ത് വിട്ടത്.

പാട്ടാളക്കാര്‍ക്ക് നല്‍കുന്ന ഭക്ഷണം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വകമാറ്റി വില്‍പ്പന നടത്തുകയാണെന്ന ആരോപണവും ഉന്നയിച്ചിരുന്നു. സംഭവം വലിയ വിവാദമായതോടെയാണ് തേജ് ബഹദൂറിനെ വിചാരണ ചെയ്യാന്‍ സൈന്യം തീരുമാനിച്ചത്

Top