സി സി ടി വി വെച്ചിട്ടും രക്ഷയില്ല; ക്യാമറയ്ക്ക് മുന്നിലെ കള്ളന്റെ നൃത്തം വൈറലാവുന്നു

ന്യൂഡല്‍ഹി: കള്ളന്‍മാരെ ഭയന്ന് സി സി ടി വി ക്യാമറകള്‍ വയ്ക്കുന്നത് ഇന്ന് വളരെ കൂടുതലാണ്. ആദ്യമാദ്യം വലിയ വലിയ കടകള്‍ക്ക് മുന്നില്‍ മാത്രം ഉണ്ടായിരുന്ന സി സി ടി വി ക്യാമറകള്‍ ഇന്ന് എല്ലായിടത്തും കാണാന്‍ സാധിക്കും. ചെറിയ ചെറിയ കടകള്‍ക്കും വീടുകള്‍ക്കും വരെ സി സി ടി വി സുരക്ഷ ഉണ്ട്. എന്നാല്‍ അത് വെച്ചിട്ടും രക്ഷയില്ലാതെ ഇരിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.

ക്യാമറ കണ്ണില്‍ പെട്ടാലും മോഷ്ടിക്കുന്ന മോഷ്ടാക്കള്‍ ആണ് ഇപ്പോഴുള്ളത്. എന്നാല്‍ മോഷ്ടിക്കാന്‍ കയറുന്നതിന് തൊട്ടു മുന്‍പ് ക്യാമറ കണ്ണില്‍പ്പെട്ട ഒരു കള്ളന്‍ ക്യാമറയ്ക്ക് മുന്നില്‍ നൃത്തം കൂടി ചെയ്താലോ. ഡല്‍ഹിയിലാണ് സംഭവം.

അടുത്തടുത്ത് കടകളുള്ള സ്ഥലത്ത് കവര്‍ച്ചക്കെത്തിയ സംഘത്തിലെ മോഷ്ടാവാണ് സി.സി.ടി.വി ക്യാമറ കണ്ടതോടെ നൃത്തം ചെയ്തത്. ഈ വീഡിയോ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുകയാണ്.

ഏതാനും സെക്കന്റുകള്‍ നീളുന്ന മനോഹരമായ ചുവടുകള്‍ക്കു ശേഷം തുണി കൊണ്ട് മുഖം മറച്ച് മറ്റ് സംഘാംഗങ്ങള്‍ക്കൊപ്പം ഇയാള്‍ ക്യാമറക്ക് സമീപമുള്ള കടയുടെ ഷട്ടര്‍ പൊളിക്കാന്‍ തയാറെടുക്കുന്നതാണ് ദൃശ്യത്തിലുള്ളത്.

സംഭവം നടന്ന ചൊവ്വാഴ്ച പുലര്‍ച്ചെ ഈ അഞ്ചു പേരടങ്ങുന്ന സംഘം നാലു കടകളില്‍ നിന്നായി ലക്ഷക്കണക്കിനു രൂപയുടെ സാധനങ്ങള്‍ കവര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ ദൃശ്യം വൈറലായിട്ടും മോഷ്ടാക്കള്‍ ഇനിയും പൊലീസിന്റെ പിടിയിലായിട്ടില്ല എന്നതാണ് സത്യം.

Top