സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയാറെടുക്കുന്നതിനിടെ മോഷണം; പ്രതികള്‍ അറസ്റ്റില്‍

പാലക്കാട് : സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയാറെടുക്കുന്നതിനിടെ മോഷണം. സംഭവത്തില്‍ പാലക്കാട് കിഴക്കേത്തറ സ്വദേശിയും സഹായിയും പിടിയിലായി. വടക്കഞ്ചേരിയിലെ സപ്ലൈക്കോ സൂപ്പര്‍മാര്‍ക്കറ്റില്‍ രണ്ട് തവണയാണ് ഇവര്‍ മോഷണം നടത്തിയത്. സിവില്‍ സര്‍വീസ് പരീക്ഷക്ക് തയ്യാറെടുത്തിരുന്ന വണ്ടാഴി സ്വദേശി ഹരിദാസാണ് കവര്‍ച്ച ആസൂത്രണം ചെയ്തത്.

പെട്ടന്ന് പണമുണ്ടാക്കാനുള്ള ആഗ്രഹമാണ് ഹരിദാസിനെ മോഷണത്തിലേക്ക് പ്രേരിപ്പിച്ചത്. ഇതിനിടെ ഭാര്യയെ വെട്ടിയ കേസില്‍ ജാമ്യത്തിലിറങ്ങിയ മലമ്പുഴ കണയങ്കാവ് സ്വദേശി സന്തോഷുമായി പരിചയത്തിലായി. തുടര്‍ന്ന് ഇരുവരും ചേര്‍ന്നാണ് മോഷണങ്ങള്‍ നടത്തിയത്. 2023 മാര്‍ച്ച് 11 നും , ജൂണ്‍ 26നുമാണ് വടക്കഞ്ചേരി സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടന്നത്. ആദ്യ തവണ 2 ലക്ഷത്തിലധികം .രൂപയും , രണ്ടാം തവണ 1500 രൂപയാണ് കവര്‍ന്നത്. അതിവിദഗ്ധമായി നടത്തിയ മോഷണത്തില്‍ ശാസ്ത്രിയ പരിശോധനകളാണ് പൊലീസിന് പ്രതികളിലേക്ക് എത്താന്‍ സഹായിച്ചത്.

മോഷണത്തിന് ശേഷം പ്രതികള്‍ സഞ്ചരിച്ച ബൈക്കാണ് കേസില്‍ വഴിത്തിരിവായത്. 2022 ഡിസംബറില്‍ നെന്മാറയില്‍ നിന്നും മോഷ്ടിച്ച ബൈക്കിലാണ് പ്രതികള്‍ സഞ്ചരിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. പാലക്കാട് ചന്ദ്രനഗറില്‍ ബീവറേജ് സ് കുത്തിതുറന്ന് 65000 രൂപ കവര്‍ന്നതും ഇവരാണെന്ന് പൊലീസ് കണ്ടെത്തി. കഴിഞ്ഞ ക്രിസ്മസിന് ചിറ്റിലംഞ്ചേരി കടമ്പിടിയില്‍ മോഷണശ്രമം നടത്തിയെങ്കിലും പിന്നീട് ഉപേക്ഷിച്ചു. അറസ്റ്റിലായ പ്രതികളെ ചിറ്റൂര്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തു. ഇവരുമായി മോഷണം നടന്ന സപ്ലൈകോയില്‍ പൊലീസ് തെളിവെടുപ്പും നടത്തി.

Top