ഐ.എന്‍.എസ് വിക്രാന്തിലെ മോഷണം: നഷ്ടമായത് കപ്പലിന്റെ രൂപരേഖ; ഗൗരവമെന്ന് പൊലീസ്

കൊച്ചി: നാവികസേനയ്ക്കു വേണ്ടി കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മ്മിക്കുന്ന വിമാനവാഹിനി കപ്പല്‍ ഐ.എന്‍.എസ് വിക്രാന്തിലെ ഹാര്‍ഡ് ഡിസ്‌ക്കും അനുബന്ധ ഉപകരണങ്ങളും മോഷണം പോയ സംഭവം അതീവ ഗുരുതരമെന്ന് പൊലീസ്. മോഷണം പോയത് കപ്പലിന്റെ അതീവ രഹസ്യസ്വഭാവമുള്ള രൂപരേഖയും യന്ത്രസാമഗ്രി വിന്യാസം സംബന്ധിച്ച വിവരങ്ങളുമാണെന്ന നിഗമനത്തിലാണ് പൊലീസ്. ഇതുസംബന്ധിച്ച് കൊച്ചി കമ്മിഷണര്‍ വിജയ് സാഖറെ ഡി.ജി.പിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

നിലവില്‍ കപ്പലില്‍ കംപ്യൂട്ടര്‍ ഇരിക്കുന്ന ഭാഗത്ത് 52 പേര്‍ക്കാണ് പ്രവേശിക്കാന്‍ അനുമതി ഉള്ളത്. ഇതോടൊപ്പം പുറത്തുനിന്നുള്ള ഏജന്‍സി ഏര്‍പ്പാടാക്കിയ 82 പേരും കപ്പലില്‍ ജോലി ചെയ്യുന്നുണ്ട്. ഇവരെയെല്ലാം ചോദ്യം ചെയ്തു മൊഴി രേഖപ്പെടുത്തുന്ന നടപടിയാണ് പൊലീസിന്റെ ഭാഗത്തു നിന്ന് ഇപ്പോള്‍ പുരോഗമിക്കുന്നത്. 500 കരാര്‍ തൊഴിലാളികള്‍ വിക്രാന്തിന്റെ നിര്‍മാണത്തില്‍ പങ്കാളികളാണ്. ഇവരെല്ലാം പൊലീസ് നിരീക്ഷണത്തിലാണ്.

20,000 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന വിമാനവാഹിനിക്കപ്പലിലേയ്ക്ക് എങ്ങനെ, ഏതെല്ലാം ഭാഗങ്ങളിലൂടെ പ്രവേശിക്കാം എന്നതുള്‍പ്പടെയുള്ള വിവരങ്ങള്‍ ഈ രൂപരേഖയില്‍ ഉണ്ടായിരിക്കാം. അങ്ങനെയെങ്കില്‍ ഇതു കടുത്ത സുരക്ഷാ പ്രശ്‌നത്തിലേയ്ക്ക് നയിച്ചേക്കാമെന്നതാണ് കപ്പല്‍ശാലാ അധികൃതരെ ആശങ്കയിലാഴ്ത്തുന്നത്. അതുകൊണ്ടു തന്നെ ഹാര്‍ഡ്ഡിസ്‌ക് മോഷണം ഗൗരവമായാണ് പൊലീസ് കാണുന്നത്. അന്വേഷണം പുരോഗമിക്കുന്നതായി കമ്മിഷണര്‍ ഡിജിപിയെ അറിയിച്ചു.

ക്രൈം ഡിറ്റാച്ച്മെന്റിന്റെ അന്വേഷണം പുരോഗമിക്കെ കഴിഞ്ഞ ദിവസം കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയും കപ്പല്‍ശാലയിലെ ജീവനക്കാരെ ചോദ്യം ചെയ്തിരുന്നു. കൂടാതെ നാവിക വ്യോമ സേന വിഭാഗങ്ങളിലെയും വ്യവസായ സുരക്ഷാ സേനയിലെയും അംഗങ്ങള്‍ ചേര്‍ന്ന പ്രത്യേക സംഘവും അന്വേഷണം നടത്താന്‍ ഒരുങ്ങുകയാണ്. കപ്പല്‍ ജീവനക്കാരെ ചോദ്യം ചെയ്തതില്‍ നിന്ന് ആഗസറ്റ് 28 ന് ശേഷമാണ് ഹാര്‍ഡ് ഡിസ്‌ക്കുകള്‍ക്കൊപ്പം മൂന്ന് മൈക്രോ ചിപ്പുകളും ആറ് റാന്‍ഡം ആക്‌സസ് മെമ്മറിയും മൂന്ന് സി.പി.യുവും നഷ്ടപ്പെട്ടതെന്ന് കണ്ടെത്തിയിട്ടുണ്ട്. ചാരപ്രവര്‍ത്തിന്റെ സാധ്യതയുള്‍പ്പെടെ അന്വേഷിക്കുന്നുണ്ടെങ്കിലും ബിസിനസ് അട്ടിമറി ശ്രമമാണോ കവര്‍ച്ചയ്ക്ക് പിന്നിലെന്നും സംശയിക്കുന്നുണ്ട്.

Top